നാട്ടുകാരെ ഭീതിയിലാഴ്ത്തി കാട്ടാനയുടെ പരാക്രമം; ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍

കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന നാട്ടിലൂടെ സഞ്ചരിക്കുന്നത് തുടരുന്നു. പേരുവെണ്ണാമുഴി വനത്തിൽ നിന്ന് ഇറങ്ങിയ മോഴ, പേരാമ്പ്ര ബൈപ്പാസിനോട്‌ ചേർന്ന കുന്നിൽ മുകളിൽ ഏറെ നേരം തമ്പടിച്ചു. ഉച്ചയ്ക്ക് 12:30 കുന്നിറങ്ങിയ ആന കാട്ടിലേക്ക് മടക്കയാത്ര തുടങ്ങിയെങ്കിലും ജനവാസ മേഖലയില്‍ ഭീതിപരത്തുന്നത് തുടരുകയാണ്.

പള്ളിത്താഴെ, കിഴക്കേ പേരാമ്പ്ര, എന്നിവിടങ്ങളിലൂടെ ആന ഇപ്പോഴും സഞ്ചരിക്കുകയാണ്. വനമേഖലയിൽ നിന്ന് നാലു കിലോമീറ്റര്‍ അകലെയാണ് ഇപ്പോഴും ആന. ആനക്ക് തടസ്സങ്ങൾ ഇല്ലാതെ മടങ്ങാൻ വഴി ഒരുക്കുകയാണ് വനംവകുപ്പ്. കോഴിക്കോട് ഡിഎഫ്ഒ ആഷിക്കിന്‍റെ നേതൃത്വത്തിൽ ആണ് ആനതുരത്തൽ. തിരുവോണ ദിനത്തില്‍ ആളുകളെ ഭീതിയിലാഴ്ത്തിയാണ് കാട്ടാനയുടെ പരാക്രമം. നിലവില്‍ പട്ടാണിപ്പാറ ഭാഗത്തേക്ക് ആണ് ആന നീങ്ങുന്നത്.

പൈതോത്ത് പള്ളിത്താഴെ ഭാഗത്താണ് ഇന്ന് പുലര്‍ച്ചെയോടെ നാട്ടുകാര്‍ ആനയെ കണ്ടത്. പ്രഭാത സവാരിക്കായി ഇറങ്ങിയവര്‍ അപ്രതീക്ഷിതമായി ആനയെ കാണുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ടോടെ പന്തിരിക്കര ആവടുക്ക മദ്രസക്ക് സമീപവും ആനയെ കണ്ടതായി സൂചനയുണ്ട്. വീട്ടുമുറ്റത്ത് എത്തിയ ആന ജനങ്ങള്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് ഇവിടെ നിന്ന് പോവുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

പ്രദേശത്തെ വാഴ കൃഷി നശിപ്പിച്ചിട്ടുണ്ട്. ഇതേ ആനയെ തന്നെയാണ് പൈതോത്ത് റോഡ് ഭാഗത്തും കണ്ടതെന്ന് കരുതുന്നു. പള്ളിത്താഴ ഭാഗത്ത് നിന്ന് ആന പള്ളിയിറക്കണ്ടി ഭാഗത്തേക്കാണ് നീങ്ങിയത്. പെരുവണ്ണാമൂഴിയില്‍ നിന്ന് എത്തിയ വനംവകുപ്പ് അധികൃതരും പോലീസുകാരും നാട്ടുകാരും ആനയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. കാട്ടാന ഇറങ്ങിയെന്ന വാര്‍ത്ത പരന്നതോടെ ജനങ്ങള്‍ പരിഭ്രാന്തിയിലാണ്. ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനങ്ങളോട് വീടുവിട്ടറങ്ങരുതെന്നാണ് നിര്‍ദേശം.

Leave a Reply

Your email address will not be published. Required fields are marked *