തിരുവനന്തപുരം പാലോട് ഭര്തൃവീട്ടില് മരിച്ച നിലയിൽ കണ്ടെത്തിയ നവവധു ഇന്ദുജയുടെ ശരീരത്തിൽ മർദനത്തിന്റെ പാടുകൾ കണ്ടെത്തി. മൃതദേഹത്തിൽ ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്. പൊലീസ് കസ്റ്റഡിയിലുള്ള ഭർത്താവ് അഭിജിത്തിനെതിരെ കൊലപാതകക്കുറ്റം ചുമത്തണമെന്ന് യുവതിയുടെ കുടുംബം ആവശ്യപ്പെട്ടു.
നെടുമങ്ങാട് ജില്ലാ ആശുപത്രിയിലാണ് മൃതദേഹമുള്ളത്. തഹസിൽദാർ സജി എസിന്റെ നേതൃത്വത്തിലാണ് ഇൻക്വസ്റ്റ് പുരോഗമിക്കുന്നത്. ഇൻക്വസ്റ്റ് നടപടിക്കുശേഷം മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും. അതിനിടെ, ആർഡിഒ തെളിവെടുപ്പിനായി പാലോടെ വീട്ടിലെത്തും.
ഇന്നലെയാണ് ഭർതൃവീട്ടിലെ രണ്ടാമത്തെ നിലയിലുള്ള കിടപ്പുമുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണു സംഭവം. ജോലി കഴിഞ്ഞ് മടങ്ങിവന്ന അഭിജിത്ത് തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടെന്നാണ് പൊലീസിനെ അറിയിച്ചത്.
സംഭവത്തിൽ അഭിജിത്തിനും അമ്മയ്ക്കുമെതിരെ ഇന്ദുജയുടെ കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. യുവതിക്കു ഭർതൃവീട്ടിൽനിന്ന് ഭീഷണിയും മാനസിക പീഡനവും ഏൽക്കേണ്ടി വന്നിട്ടുണ്ടെന്ന് കുടുംബം പരാതിയിൽ ആരോപിക്കുന്നു. വിവാഹശേഷം ഇന്ദുജയെ ഭർതൃവീട്ടിൽ ചെന്ന് കാണാൻ തങ്ങളെ അനുവദിച്ചിരുന്നില്ല. ഇന്ദുജ തന്നെ ഇത് പല ദിവസങ്ങളിൽ ഫോൺ വിളിച്ച് അറിയിച്ചിട്ടുണ്ട്. മരണത്തിനു പിന്നിൽ അഭിജിത്തിനും മാതാവിനും പങ്കുള്ളതായി സംശയിക്കുന്നുണ്ടെന്നും ഇന്ദുജയുടെ പിതാവ് ശശിധരൻ കാണി പാലോട് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
നാല് മാസം മുൻപാണ് ഇന്ദുജയുടെയും അഭിജിത്തിനെയും വിവാഹം നടന്നത്. ഇന്ദുജയെ വീട്ടിൽനിന്ന് ഇറക്കി കൊണ്ടുപോയി വിവാഹം രജിസ്റ്റർ ചെയ്യുകയായിരുന്നു. ഇന്ദുജ പട്ടികവർഗക്കാരിയും അഭിജിത്ത് പട്ടികജാതി വിഭാഗക്കാരനുമാണ്. ജാതി മാറിയുള്ള വിവാഹത്തിന് അഭിജിത്തിന്റെ അമ്മയ്ക്ക് താല്പര്യമില്ലായിരുന്നുവെന്നാണ് ഇന്ദുജയുടെ കുടുംബം പറയുന്നത്. രണ്ടാഴ്ച മുമ്പ് സ്വന്തം വീട്ടിലെത്തിയ ഇന്ദുജയുടെ മുഖത്ത് മർദനമേറ്റതിന്റെ പാടുണ്ടായിരുന്നു.