നവജാത ശിശുവിനെ ബക്കറ്റിൽ ഉപേക്ഷിച്ച സംഭവം; യുവതിക്കെതിരെ കേസ്

പ്രസവിച്ചയുടൻ യുവതി ഉപേക്ഷിച്ച കുഞ്ഞിന്റെ ഡി.എൻ.എ പരിശോധന നടത്തിയേക്കുമെന്ന് വിവരം. കോട്ടയം മെഡിക്കൽ കോളേജിലെ കുട്ടികളുടെ ആശുപത്രിയിലുള്ള കുഞ്ഞിന്റെ നില അതീവഗുരുതരമായി തുടരുകയാണ്. യുവതിയ്ക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് 75, ഇന്ത്യൻ ശിക്ഷാനിയമം 317 എന്നിവ പ്രകാരം കേസെടുക്കും. യുവതിയുടേയും അകന്നു കഴിയുന്ന ഭർത്താവിന്റെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

കുഞ്ഞിന് ജനിച്ചശേഷം പ്രാഥമിക ശുശ്രൂഷകൾ ഒന്നും തന്നെ ലഭിച്ചിരുന്നില്ല. ഇതിന്റെ ആരോഗ്യപ്രശ്നങ്ങൾ കുഞ്ഞിനുണ്ട്. 24 മണിക്കൂർ നിരീക്ഷണത്തിനു ശേഷം മാത്രമേ ആരോഗ്യനിലയിൽ മാറ്റമുണ്ടോ എന്ന് വ്യക്തമാകു എന്നാണ് ഡോക്ടർമാർ നൽകുന്ന വിവരം. ശരീര ഊഷ്മാവ് നിയന്ത്രിക്കുന്നതിനടക്കമുള്ള ചികിത്സകളാണ് നിലവിൽ കുഞ്ഞിനു നൽകുന്നത്. മഞ്ഞപിത്തമടക്കമുള്ള രോഗങ്ങൾ വരാതെയിരിക്കാനുള്ള ചികിത്സയും നൽകുന്നുണ്ട്.

32 ആഴ്ച വളർച്ചയുള്ള കുട്ടിയ്ക്ക് 1.3 കിലോഗ്രാം തൂക്കം മാത്രമാണ് ഉള്ളത്. ഈ പ്രായത്തിൽ ആരോഗ്യകരമായ ശരാശരി തൂക്കം 2.7 കിലോഗ്രാം ആണെന്നിരിക്കെ കുഞ്ഞിന്റെ ശരീരം ഭാരം കുറവായതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ആറന്മുള സ്വദേശിനിയായ യുവതി ആശുപത്രിയിൽ ചികിത്സ തേടിയെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. വീട്ടിൽനിന്ന് പ്രസവിച്ചതിന് പിന്നാലെ അമിതരക്തസ്രാവമുണ്ടായപ്പോളാണ് യുവതി ചെങ്ങന്നൂരിലെ ആശുപത്രിയിലെത്തിയത്. ആശുപത്രി അധികൃതർ കുഞ്ഞിനെക്കുറിച്ച് ചോദിച്ചപ്പോൾ പരസ്പരവിരുദ്ധമായ മറുപടിയാണ് നൽകിയത്. കുഞ്ഞ് മരിച്ചെന്നും മൊഴി നൽകി. ഇതോടെ ആശുപത്രി അധികൃതർ വിവരം പോലീസിൽ അറിയിച്ചു. തുടർന്ന് ചെങ്ങന്നൂർ പോലീസ് യുവതിയുടെ വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് ബക്കറ്റിൽ ഉപേക്ഷിച്ചനിലയിൽ നവജാതശിശുവിനെ കണ്ടെത്തിയത്.

യുവതിയുടെ ആറന്മുളയിലെ വീട്ടിലെത്തിയ പോലീസ് സംഘത്തിന് ആദ്യം കുഞ്ഞിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് വീട്ടിലുണ്ടായിരുന്ന ബക്കറ്റിൽനിന്ന് കരച്ചിലും ബക്കറ്റിലെ അനക്കവും പോലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. പരിശോധിച്ചതോടെ ബക്കറ്റിനുള്ളിൽ തുണിയിൽപൊതിഞ്ഞ നിലയിൽ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ പോലീസ് സംഘം കുഞ്ഞിനെയും എടുത്ത് ഓടി. ഭർത്താവുമായി അകന്നുകഴിയുന്ന യുവതി ഗർഭിണിയായവിവരം ആരെയും അറിയിച്ചിരുന്നില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ.

Leave a Reply

Your email address will not be published. Required fields are marked *