നഴ്സിങ് വിദ്യാര്‍ത്ഥിനി അമ്മുവിന്‍റെ മരണം; കോളേജ് പ്രിൻസിപ്പലിനെ സ്ഥലം മാറ്റി: പ്രതികളായ 3 വിദ്യാര്‍ത്ഥിനികൾക്ക് സസ്പെൻഷൻ

പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ത്ഥിനി അമ്മുവിന്‍റെ മരണത്തിൽ നടപടി. ചുട്ടിപ്പാറ നഴ്സിങ് കോളേജ് പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റി. കേസിൽ പ്രതികളായ മൂന്ന് വിദ്യാര്‍ത്ഥിനികളെ കോളേജിൽ നിന്ന് സസ്പെന്‍ഡ് ചെയ്തു. സീപാസിന് കീഴിലെ സീതത്തോട് കോളേജിലേക്കാണ് പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റിയത്.

പകരം സീതത്തോട് കോളേജ് പ്രിന്‍സിപ്പലായിരുന്ന തുഷാരയെ ചുട്ടിപ്പാറയിലേക്കും മാറ്റി നിയമിച്ചിട്ടുണ്ട്. പ്രതികളായ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ കേസിൽ ജാമ്യത്തിലാണിപ്പോള്‍. ഇതിനിടെയാണ് മൂന്നു പേരെയും കോളേജിൽ നിന്ന് സസ്പെന്‍ഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്.

അതേസമയം, നഴ്സിങ് വിദ്യാര്‍ത്ഥിനി അമ്മു സജീവിന്‍റെ മരണത്തിൽ പൊലീസിൽ അധ്യാപകനെതിരെ കുടുംബം പരാതി നൽകി. ചുട്ടിപ്പാറ നഴ്സിങ് കോളേജിലെ സൈക്യാട്രി വിഭാഗം അധ്യാപകൻ സജിക്കെതിരെയാണ് അമ്മുവിന്‍റെ അച്ഛൻ സജീവ് പരാതി നൽകിയത്. ലോഗ് ബുക്ക് കാണാതായെന്ന് പറഞ്ഞ് അമ്മുവിനെ അധ്യാപകൻ സജിയും കേസിൽ പ്രതികളായ വിദ്യാര്‍ത്ഥിനികളും ചേര്‍ന്ന് മാനസികമായി പീഡിപ്പിച്ചുവെന്ന് അച്ഛൻ സജീവ് ആരോപിച്ചു.

പ്രതികളായ വിദ്യാര്‍ത്ഥിനികളെ ഒരു വശത്തും അമ്മുവിനെ ഒരു വശത്തും നിര്‍ത്തികൊണ്ട് കൗണ്‍സിലിങ് എന്ന പേരിൽ കുറ്റവിചാരണ നടത്തുകയായിരുന്നു. രണ്ടു മണിക്കൂറിലധികമാണ് അധ്യാപകനായ സജി അമ്മുവിനെ കുറ്റവിചാരണ ചെയ്തതെന്നും ഇതിനുശേഷമാണ് ഹോസ്റ്റൽ കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് അമ്മു വീണ് മരിച്ചതെന്നും അച്ഛൻ സജീവ് പറഞ്ഞു. പൊലീസ് അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നും സജീവ് പറഞ്ഞു. ഒരു തവണ പറയുന്ന കാര്യമല്ല പ്രിന്‍സിപ്പൽ പിന്നീട് പറയുന്നതെന്നും പല കാര്യങ്ങളാണ് അവര്‍ പറയുന്നതെന്നും സജീവ് ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *