നയന സൂര്യന്റെ മരണം; കേസ് ഫയൽ ക്രൈംബ്രാഞ്ചിന് കൈമാറി

സംവിധായിക നയന സൂര്യന്റെ മരണം സംബന്ധിച്ച കേസ് ഫയൽ മ്യൂസിയം പൊലീസ് ക്രൈംബ്രാഞ്ചിനു കൈമാറി. മൊഴികൾ, ഫൊറൻസിക് രേഖകൾ, അന്വേഷണ റിപ്പോർട്ടുകൾ അടക്കം പൊലീസ് ശേഖരിച്ച എല്ലാ വിവരങ്ങളും കണ്ടെത്തലുകളും ഉൾപ്പെടുന്നതാണ് കേസ് ഫയൽ. കേസ് ഫയൽ വിശദമായി പരിശോധിച്ചശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു. മരണകാരണം കണ്ടെത്താൻ മെഡിക്കൽ ബോർഡ് രൂപീകരിക്കാനും തീരുമാനമായി.

ഫയലുകൾ പഠിക്കുന്നതിന് ഒരാഴ്ചയോളം സമയം വേണ്ടിവന്നേക്കും. കേസ് ഫയലുകൾ പഠിച്ചും പുതിയ ആരോപണങ്ങൾ പരിശോധിച്ചും ഏതൊക്കെ തരത്തിൽ അന്വേഷണം വേണമെന്നും ആരെയെല്ലാം ചോദ്യം ചെയ്യണമെന്നും തീരുമാനിക്കണം. കൊലപാതകം നടന്ന് വർഷങ്ങളായതിനാൽ തെളിവുകൾ ശേഖരിക്കുന്നതും പ്രയാസമാണ്. നയനയുടെ മൊബൈലിലെയും കംപ്യൂട്ടറിലെയും തെളിവുകൾ വീണ്ടെടുക്കാനാകുമോയെന്ന് അന്വേഷണ സംഘം പരിശോധിക്കും. പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറുടെയും കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തും. അന്വേഷണ സംഘത്തിലെ ചിലർ വിരമിച്ചു. ആവശ്യമെങ്കിൽ അവരെയും ചോദ്യം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *