നടൻ രവികുമാർ അന്തരിച്ചു. എഴുപതുകളിലും എൺപതുകളിലും മലയാള സിനിമയിലെ ശ്രദ്ധേയ നായകതാരമായിരുന്നു. 71 വയസായിരുന്നു. അർബുദരോഗബാധിതനായിരുന്ന അദ്ദേഹത്തെ ബുധനാഴ്ച ചെന്നൈ വേളാച്ചേരിയിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നു രാവിലെ ഒൻപതു മണിയോടെ അവിടെവച്ചായിരുന്നു അന്ത്യം. നൂറിലേറെ മലയാളം, തമിഴ് സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും വേഷമിട്ടിട്ടുണ്ട്. ഭൗതികശരീരം ഇന്ന് ചെന്നൈ വൽസരവാക്കത്തെ വസതിയിലെത്തിക്കും സംസ്‌കാരം നാളെ.
തൃശൂർ സ്വദേശികളായ കെ.എം.കെ.മേനോന്റെയും ആർ.ഭാരതിയുടെയും മകനായ രവികുമാർ ചെന്നൈയിലാണ് ജനിച്ചത്. 1967 ൽ ഇന്ദുലേഖ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത് 1976 ൽ റിലീസ് ചെയ്ത ‘അമ്മ’ എന്ന ചിത്രമാണ് രവികുമാറിനെ മലയാളത്തിൽ ശ്രദ്ധേയനാക്കിയത്. ലിസ, അവളുടെ രാവുകൾ, അങ്ങാടി, സർപ്പം, തീക്കടൽ, അനുപല്ലവി തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.