നടൻ ആസിഫ് അലിയുടെ ചിരി പരസ്യമാക്കി പൊലീസ് കൗൺസിലിംഗ് ഹെൽപ് ഡസ്ക്

നടൻ ആസിഫ് അലിയുടെ ചിരി പരസ്യമാക്കി പൊലീസ് കൗൺസിലിംഗ് ഹെൽപ് ഡസ്ക്.  കൗൺസിലിംഗ് ഹെൽപ് ഡസ്കായ ‘ചിരി’യുടെ പരസ്യത്തിലാണ് ആസിഫ് അലിയുടെ ഫോട്ടോ ഉപയോഗിച്ചത്. പൊലീസിന്‍റെ മീഡിയ സെന്‍ററാണ് ഫോട്ടോ പോസ്റ്റ് ചെയ്തത്.

‘നേരിടാം, ചിരിയോടെ’ എന്ന പേരിലാണ് ആസിഫ് അലിയുടെ ചിത്രം ചേർത്തത്. 9497900200 എന്ന ഹെൽപ്പ് ലൈൻ നമ്പറും നൽകിയിട്ടുണ്ട്. ചിരിയിലേയ്ക്ക് വിളിക്കാം, ചിരിക്കാം എന്നും ഒപ്പം ചേർത്തിട്ടുണ്ട്. 

കഴിഞ്ഞ ദിവസം സംഗീത സംവിധായകൻ രമേശ് നാരായണൻ അപമാനിച്ച ആസിഫ് അലിയുടെ ചിരിയാണ് സോഷ്യൽ മീഡിയയിലെങ്ങും നിറഞ്ഞു നിന്നത്. സിനിമാ രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ ആസിഫിനൊപ്പമുള്ള ചിത്രവും പങ്കിട്ട് പിന്തുണയുമായെത്തി. സംഗീത ബോധം മാത്രം പോരാ, അല്‍പം സാമാന്യ ബോധം കൂടി വേണമെന്നാണ് രമേഷ് നാരായണനെതിരായ വിമർശനം. അവാര്‍ഡ് വീണ്ടും  കൊടുക്കാനെത്തിയ സംവിധായകൻ ജയരാജിനെയും സോഷ്യൽ മീഡിയ എയറിലാക്കി. ഈ സമയം ആസിഫിന് നേര്‍ക്ക് വന്ന് കൈകൊടുത്ത നടി ദുര്‍ഗ കൃഷ്ണയ്ക്ക് സോഷ്യൽ മീഡിയയിൽ പ്രശംസ കിട്ടി.

എം ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി ചലച്ചിത്രം ‘മനോരഥങ്ങൾ’ ട്രെയിലര്‍ പുറത്തിറക്കിയ വേദിയിലാണ് സംഭവം. എം ടിയുടെ ജന്മദിനമായ ജൂലൈ 15ന് കൊച്ചിയിലാണ് ട്രെയ്ലർ ലോഞ്ച് നടന്നത്. ആന്തോളജി സീരിസിലെ  ‘സ്വർഗം തുറക്കുന്ന സമയം’ എന്ന ചിത്രത്തില്‍ സംഗീതം നല്‍കിയത് രമേഷ് നാരായണ്‍ ആയിരുന്നു.

അദ്ദേഹത്തിന് ചടങ്ങില്‍ പുരസ്കാരം നല്‍കാന്‍ നടന്‍ ആസിഫ് അലിയെയാണ് ക്ഷണിച്ചത്. എന്നാൽ ആസിഫിന്‍റെ മുഖത്ത് പോലും നോക്കാതെ, സംവിധായകന്‍ ജയരാജിനെ വിളിച്ച് ആ പുരസ്കാരം ജയരാജിന്‍റെ കൈയ്യില്‍ നല്‍കിയാണ് രമേഷ് നാരായണൻ ഏറ്റുവാങ്ങിയത്. 

Leave a Reply

Your email address will not be published. Required fields are marked *