നടിയെ ആക്രമിച്ച കേസിൽ വിചാരണയ്ക്കുള്ള സമയംനീട്ടി സുപ്രീം കോടതി

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പൂർത്തിയാക്കാനുള്ള കാലാവധി ജൂലൈ 31 വരെ സുപ്രീം കോടതി നീട്ടി. അതിനുമുമ്പ് വിചാരണ കഴിവതും പൂർത്തിയാക്കണമെന്ന് ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. വിചാരണ കോടതി ജഡ്ജി യന്ത്രമല്ലെന്നും ജസ്റ്റിസ് ദിനേശ് മഹേശ്വരി നിരീക്ഷിച്ചു.

കേസിലെ എട്ടാം പ്രതിയായ ദിലീപിനെ രണ്ട് ദിവസമാണ് പ്രോസിക്യുഷൻ ചീഫ് എക്‌സാമിനേഷൻ നടത്തിയത്. എന്നാൽ ഇരുപത്തിമൂന്നര ദിവസമായി എതിർ വിഭാഗം ക്രോസ് എക്‌സാമിനേഷൻ നടത്തുകയാണ്. ഇത് പൂർത്തിയാകാൻ അഞ്ച് ദിവസം കൂടി വേണം എന്നാണ് വിചാരണ കോടതി ജഡ്ജി സുപ്രീം കോടതിക്ക് കൈമാറിയ പുരോഗതി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നത്. സാങ്കേതിക തടസങ്ങൾ ഉൾപ്പടെ കാരണമാണ് എതിർ വിസ്താരം നീണ്ടു പോകുന്നത് എന്ന് ദിലീപിനുവേണ്ടി ഹാജരായ അഭിഭാഷക രഞ്ജീത റോത്തഗി ചൂണ്ടിക്കാട്ടി. ഇക്കാര്യം കൂടി പരിഗണിച്ചാണ് വിചാരണ പൂർത്തിയാക്കാൻ ഉള്ള കാലാവധി ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, സഞ്ജയ് കുമാർ എന്നിവർ അടങ്ങിയ ബെഞ്ച് ജൂലൈ 31 വരെ നീട്ടിയത്.

എല്ലാ തവണയും കേസിന്റെ പുരോഗതി സംബന്ധിച്ച് ഒരേ തരത്തിലുള്ള റിപ്പോർട്ടാണ് വിചാരണ കോടതി ജഡ്ജി അയക്കുന്നത് എന്നും ജസ്റ്റിസ് ദിനേശ് മഹേശ്വരി ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാരിന്റെ ആവശ്യം പരിഗണിച്ച് കേസിന്റെ പുരോഗതി സംബന്ധിച്ച കാര്യങ്ങളിൽ വീണ്ടും പരിഗണിക്കുന്നതിന് ഹർജികൾ ഓഗസ്റ്റ് നാലിന് ലിസ്റ്റ് ചെയ്യാനും സുപ്രീം കോടതി നിർദേശിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *