നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകൾ മരിച്ച നിലയിൽ

തമിഴ് നടനും സംഗീത സംവിധായകനും നിർമാതാവുമായ വിജയ് ആന്റണിയുടെ മകൾ മരിച്ച നിലയിൽ. പ്ലസ്ടു വിദ്യാർത്ഥിനിയായ മീരയെ(16) ആണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇന്നു പുലർച്ചെ മൂന്നിന് ചെന്നൈ ആൽവാർപേട്ടിലെ ടി.ടി.കെ റോഡിലുള്ള വീട്ടിലാണു മുറിക്കകത്ത് കുട്ടിയെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ മൈലാപൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ മൈലാപൂർ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തിട്ടുണ്ട്. മീര മാനസിക പിരിമുറുക്കത്തിനുള്ള മരുന്ന് കഴിക്കുന്നുണ്ടെന്നാണു പുറത്തുവരുന്ന റിപ്പോർട്ട്.

തമിഴ് സിനിമയിൽ സംഗീത സംവിധാനത്തിലൂടെയാണു വിജയ് ശ്രദ്ധനേടുന്നത്. ഇതിനുശേഷം അഭിനയത്തിലേക്കും കടന്നു. നിർമ്മാതാവ്, നടൻ, ഗാനരചയിതാവ്, എഡിറ്റർ, ഓഡിയോ എഞ്ചിനീയർ, സംവിധായകൻ എന്നീ നിലകളിലും കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്. തന്‍റെ ആരാധികയായ ഫാത്തിമയെയാണ് താരം വിവാഹം കഴിച്ചിരുന്നത്. വഡ്ഡായിക്കാരന്‍, അങ്ങാടി തെരുവ്, ദിസുമേ, വേദികന്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയ അദ്ദേഹം പിന്നീട് കലി, നാന്‍, സൈത്താന്‍, പിച്ചൈക്കാരന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ നായകനായിരുന്നു. ഇവർക്ക് ലാറ എന്ന പേരിൽ ഒരു മകൾ കൂടിയുണ്ട്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഇത്തരം സാഹചര്യങ്ങളിൽ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. സഹായത്തിന് ‘ദിശ’ ഹെൽപ്‌ലൈനിൽ ബന്ധപ്പെടാം. ടോൾഫ്രീ നമ്പർ: 1056, 04712552056)

Leave a Reply

Your email address will not be published. Required fields are marked *