ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ നിന്ന് ഇന്ദിരാഗാന്ധിയുടെ പേര് വെട്ടിയ സംഭവം; കോൺഗ്രസിനെയും പ്രിയദർശനേയും കടന്നാക്രമിച്ച് കെ.ടി ജലീൽ എം.എൽ.എ

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ നിന്ന് ഇന്ദിരാഗാന്ധിയുടെയും നർഗീസ് ദത്തിന്റെയും പേര് വെട്ടിയ സംഭവത്തിൽ പ്രതികരണവുമായി കെ ടി ജലീൽ എംഎൽഎ. എത്ര കോൺഗ്രസ് നേതാക്കന്മാർ വിഷയത്തിൽ പ്രതികരിച്ചുവെന്ന് കെടി ജലീൽ ചോദിച്ചു. നിയമസഭയിലാണ് കെടി ജലീലിന്റെ പ്രതികരണം.

കോൺഗ്രസ്സിന്റെ പ്രതിഷേധം ഒരിടത്തും കണ്ടില്ല. മന്ത്രാലയം ഇതിനായി ചുമതലപ്പെടുത്തിയ സമിതിയിൽ ഒരു മലയാളി കൂടി ഉണ്ടെന്നത് വേദനിപ്പിക്കുന്നുവെന്നും ജലീൽ പറഞ്ഞു. പ്രിയദർശൻ കൂട്ടുനിന്നാണ് ഇന്ദിരാഗാന്ധിയുടെ പേര് വെട്ടി മാറ്റിയത്. ഇതിനെതിരായാണ് ജലീലിന്റെ പ്രതികരണം ഉണ്ടായത്.

ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങളിൽ മികച്ച നവാഗത സംവിധായകനുള്ള പുരസ്ക്കാരത്തിൽ നിന്ന് മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ പേര് ഒഴിവാക്കിയിരുന്നു. ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള പുരസ്ക്കാരത്തിൽ നിന്ന് പ്രശസ്ത നടി നർഗീസ് ദത്തിന്‍റെ പേരും ഒഴിവാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറക്കി. മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം ഇതുവരെ ഇന്ദിരാ ഗാന്ധിയുടെ പേരിലാണ് നല്‍കിയിരുന്നത്. ദാദാ സാഹേബ് ഫാൽക്കെ അവാർഡ് ഉൾപ്പടെയുള്ള പുരസ്ക്കാരങ്ങളുടെ സമ്മാന തുക കൂട്ടാനും സമിതി നിർദ്ദേശിച്ചിട്ടുണ്ട്. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം രൂപവത്കരിച്ച സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് അവാര്‍ഡുകളുടെ പേരുകള്‍ മാറ്റികൊണ്ട് ഉത്തരവിറക്കിയത്. കൊവിഡ് മഹാമാരിയുടെ കാലത്താണ് സംവിധായകൻ പ്രിയദര്‍ശൻ ഉള്‍പ്പെടെ അംഗങ്ങളായ സമിതി ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയിരുന്നത്.

ഐക്യകണ്ഠേനയാണ് തീരുമാനം അംഗീകരിച്ചതെന്ന് സമിതി അംഗങ്ങളിലൊരാള്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ശബ്ദ വിഭാഗത്തില്‍ ഉള്‍പ്പെടെ സാങ്കേതിക വിഭാഗത്തിലെ ചില മാറ്റങ്ങളാണ് താൻ നിര്‍ദേശിച്ചിരുന്നതെന്ന് സംവിധായകൻ പ്രിയദര്‍ശൻ പറഞ്ഞു. 2022ലെ എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളുടെ ചട്ടങ്ങളിലാണ് ഇതുസംബന്ധിച്ച മാറ്റം വരുത്തിയിരിക്കുന്നത്. കൊവിഡിനെ തുടര്‍ന്ന് 2023 ലാണ് 2021ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ നല്‍കിയത്. ജനുവരി 30 ആയിരുന്നു 2022 ലെ അവാര്‍ഡിനുള്ള നാമനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഇന്ദിരാ ഗാന്ധിയുടെ പേര് ഇല്ലാതെയായിരിക്കും മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം നല്‍കുക. നേരത്തെ നവാഗത സംവിധായകനുള്ള അവാര്‍ഡ് തുക നിര്‍മാതാവും സംവിധായകനും നല്‍കിയിരുന്നു.

എന്നാല്‍, ഇനി മുതല്‍ സംവിധായകന് മാത്രമായിരിക്കും ക്യാഷ് അവാര്‍ഡ് നല്‍കുക. ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള നര്‍ഗീസ് ദത്ത് അവാര്‍ഡ് ഇനി മുതല്‍ ദേശീയ, സാമൂഹിക, പാരിസ്ഥിതി മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് എന്ന പേരിലായിരിക്കും നല്‍കുക. സാമൂഹിക, പാരിസ്ഥിതിക പ്രസക്തിയുള്ള ചിത്രങ്ങള്‍ക്ക് നല്‍കിയിരുന്ന പുരസ്കാരങ്ങള്‍ ഒഴിവാക്കിയാണ് ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള പുരസ്കാരം പുതിയ പേരില്‍ നല്‍കുന്നത്. 

Leave a Reply

Your email address will not be published. Required fields are marked *