കാസർകോട് പെരിയയിൽ ദേശീയപാതയുടെ ഭാഗമായി നിർമിക്കുന്ന അടിപ്പാത തകർന്ന സംഭവത്തിൽ കരാർ കമ്പനിക്കെതിരെ കേസ്. അടിപ്പാതയുടെ കരാറുകാരായ മേഘ കൺസ്ട്രക്ഷൻസിനെതിരെ ഐപിസി 336, 338, കെപി 118 എന്നീ വകുപ്പുകൾ പ്രകാരമാണ് ബേക്കൽ പോലീസ് കേസെടുത്തിരിക്കുന്നത്. മനുഷ്യജീവന് അപകടം വരുത്തുന്ന രീതിയിൽ പ്രവർത്തികൾ നടത്തിയതിനടക്കമാണ് കേസ്.
അടിപ്പാത തകർന്നതിനെ പിന്നാലെ കരാർ കമ്പനിക്കെതിരെ കനത്ത പ്രതിഷേധമാണ് ഉയരുന്നത്. സംഭവസ്ഥലം സന്ദർശിച്ച രാജ്മോഹൻ ഉണ്ണിത്താൻ എംപിയും മേഘ കൺസ്ട്രക്ഷൻസിനെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. കോൺക്രീറ്റ് ചെയ്തതിൽ സംഭവിച്ച പിഴവാണ് അപകടമുണ്ടാക്കിയതെന്നും നിർമാണ പ്രവർത്തനങ്ങൾ അടിയന്തരമായി നിർത്തിവെക്കണമെന്നും എംപി ആവശ്യപ്പെട്ടു. ആളപായമില്ലെന്ന് കമ്പനി പറയുമ്പോഴും എട്ടോളം തൊഴിലാളികൾ അപകടസമയം സ്ലാബിന് മുകളിലുണ്ടായിരുന്നു. ഇവരിൽ എത്ര പേർക്ക് പരിക്കേറ്റെന്നോ എത്ര പേർ ചികിത്സ തേടിയെന്നോ വ്യക്തമല്ല.