ദുരന്തബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി; കേന്ദ്ര നടപടി ദൗർഭാഗ്യകരമെന്ന് ചെന്നിത്തല

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി ആവശ്യപ്പെട്ട കേന്ദ്ര നടപടി ദൗർഭാഗ്യകരമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തോട് കേന്ദ്രം ശത്രുതാപരമായ നിലപാടാണ്  സ്വീകരിക്കുന്നത്. വയനാടിന് വേണ്ടി കേന്ദ്രം എന്ത് സഹായം ചെയ്തുവെന്നതാണ് പ്രധാനം. ഹെലികോപ്റ്റർ ഉപയോഗിച്ചതിന് പണം ചോദിച്ചത് ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല. ആ തീരുമാനം തിരിച്ചെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 

കോൺഗ്രസുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദ വിഷയങ്ങളിലും ചെന്നിത്തല പ്രതികരിച്ചു. പി.വി അൻവര്‍ കോൺഗ്രസിലേക്ക് എന്ന വാ‍ര്‍ത്തകളെ തള്ളിയ ചെന്നിത്തല, എന്റെ അറിവിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്നും വ്യക്തമാക്കി.

ചാണ്ടി ഉമ്മനെ നിരുത്സാഹപ്പെടുത്താൻ പാടില്ല. ഉമ്മൻ ചാണ്ടിയുടെ മകനാണ് അദ്ദേഹം. വളർന്നു വരുന്ന നേതാവാണ്. അദ്ദേഹം അതൃപ്തി പരസ്യമാക്കിയ വിഷയങ്ങൾ സംസാരിച്ചു. പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.

കോഴിക്കോട്ടെ എംപി എംകെ രാഘവൻ കോൺഗ്രസ് പാർട്ടിക്ക് മുതൽക്കൂട്ടാണെന്നും ചെന്നിത്തല കൂട്ടിച്ച‍േര്‍ത്തു. കണ്ണൂര്‍ പ്രശ്നം പരിപരിക്കാൻ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കമ്മിറ്റി പരിശോധിച്ച ശേഷം അക്കാര്യത്തിൽ തീരുമാനമുണ്ടാകും. ഇതിനെ രണ്ട് ജില്ലകൾ തമ്മിലുള്ള പ്രശ്നമായി വ്യാഖ്യാനിക്കേണ്ടതില്ല. എംകെ രാഘവനുമായി രാമനിലയത്തിൽ സൗഹൃദ സംഭാഷണം നടത്തിയെന്നും   ചെന്നിത്തല വ്യക്തമാക്കി.  

Leave a Reply

Your email address will not be published. Required fields are marked *