ദീപ്തി മേരി വർഗീസിനെ സംസ്ഥാന ഭാരവാഹിയാക്കാൻ സതീശൻ എന്നെ തഴഞ്ഞു,; സിമി റോസ്‌ബെൽ ജോൺ

വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസിൻറെ പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കപ്പെട്ട വനിതാനേതാവ് സിമി റോസ്ബെൽ ജോൺ. നിലവിലെ കെ.പി.സി.സി. ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസിനെ സംസ്ഥാന ഭാരവാഹിയാക്കാൻ സതീശൻ തന്നെ ഒതുക്കിയെന്ന് സിമി റോസ്ബൽ ജോൺ ആരോപിച്ചു. പ്രതിപക്ഷനേതാവ് ധിക്കാരത്തോടെയും ധാർഷ്ട്യത്തോടെയുമാണ് സംസാരിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി.

സി.പി.എമ്മുമായി താൻ എന്ത് ഗൂഢാലോചനയാണ് നടത്തിയതെന്ന് വി.ഡി. സതീശൻ തെളിയിക്കണം. ഒരുപാട് അവസരങ്ങൾ നിഷേധിക്കപ്പെട്ടു. കെ.പി.സി.സി. പ്രസിഡന്റ് നിസ്സഹായവസ്ഥ തന്നോട് പറഞ്ഞിട്ടുണ്ട്. തന്നെ ജില്ലയിലെ ഒരുപാട് നേതാക്കൾ പിന്തുണച്ചിട്ടു ദീപ്തി മേരി വർഗീസിനെ സംസ്ഥാന ഭാരവാഹിയാക്കാൻ വി.ഡി. സതീശൻ തന്നെ ഒതുക്കിയെന്നും അവർ പറഞ്ഞു.

നിരവധിപ്പേർക്ക് അവസരം നിഷേധിക്കപ്പെടുന്നു. രണ്ടുവർഷംകൊണ്ട് ഇപ്പോൾ ഒരാൾക്ക് നേതാവാകാം. തനിക്കെതിരെ പരാതി കൊടുത്ത നേതാവിന്റെ പേര് കേരളത്തിലെ ജനങ്ങൾ അറിയാൻ രണ്ടുകൊല്ലത്തോളമേ ആയിട്ടുള്ളൂ. 37 വർഷം പാർട്ടിക്കുവേണ്ടി പ്രവർത്തിച്ച എന്നെ പുറത്താക്കാൻ പരാതി എഴുതിക്കൊടുത്തവരുടെ അർഹത എന്താണെന്ന് എനിക്ക് അറിയില്ല. വാദി പ്രതിയായെന്നും സിമി റോസ്ബെൽ ജോൺ അഭിപ്രായപ്പെട്ടു.

‘എന്റെ അയോഗ്യത എന്താണെന്ന് ചോദിച്ചപ്പോൾ വീട്ടിലിരിക്കാൻ പറഞ്ഞു. ധിക്കാരത്തോടെയും ധാർഷ്ട്യത്തോടെയുമാണ് സംസാരിക്കുന്നത്. മൂന്നരപതിറ്റാണ്ടിലധികം പാർട്ടിക്കുവേണ്ടി പ്രവർത്തിച്ച ഒരു സ്ത്രീ പി.എസ്.സി. പെൻഷൻ വാങ്ങിക്കുന്നത് സഹിക്കാൻ കഴിയില്ലെന്ന് പറഞ്ഞാൽ അദ്ദേഹത്തിന്റെ മനസ് എത്ര ക്രൂരമാണ് എനിക്കൊപ്പം സ്ഥാനങ്ങൾ വഹിച്ചവർ ഇന്നും പ്രധാനപദവികളിലാണ്. ഇദ്ദേഹവും എറണാകുളം എം.പിയും കൂടെ എനിക്ക് വലിക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. കെ.പി.സി.സി. പ്രസിഡന്റിന്റെ അടുത്തുനിന്ന് നീതി കിട്ടിയില്ല. എന്റെയത്രയൊന്നും പ്രവർത്തനപാരമ്പര്യം പ്രതിപക്ഷ നേതാവിനില്ല. കെ.സി. വേണുഗോപാൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ആയിരുന്നപ്പോൾ ഏക വനിതാ ജനറൽ സെക്രട്ടറിയായിരുന്നു താൻ. സതീശൻ 28 അംഗ ഭാരവാഹിപ്പട്ടികയിലോ ജില്ലാ നേതൃത്വത്തിലോ ഉണ്ടായിരുന്നില്ല. പകവീട്ടുന്നപോലെ ആ ബാച്ചിലുള്ളവരെ എല്ലാം വിസ്മൃതിയിലാക്കുകയാണ്’, അവർ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *