ദി കേരള സ്റ്റോറിയ്ക്ക് പോസിറ്റീവ് റിവ്യൂ പങ്കുവച്ച യുവാവിന് മർദ്ദനം

‘ദി കേരള സ്റ്റോറി’ സിനിമയെക്കുറിച്ച് സമൂഹമാദ്ധ്യമത്തിലൂടെ നല്ല അഭിപ്രായം പങ്കുവച്ച യുവാവിന് മർദ്ദനമേറ്റതായി പരാതി. വാട്‌സ്‌ആപ്പ് സ്റ്റാറ്റസിലൂടെ റിവ്യൂ പങ്കുവയ്ക്കുകയും യുവതികളോട് സിനിമ കാണണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്ത രാജസ്ഥാൻ സ്വദേശിയ്ക്കാണ് മർദ്ദനമേറ്റത്. വിശ്വഹിന്ദു പരിശത്തിലെ അംഗമാണ് ഇയാൾ.

സംഭവത്തിന് പിന്നാലെ മൂന്നുപേർക്കെതിലെ മർദ്ദനമേറ്റയാൾ രാജസ്ഥാനിലെ മന്ദിർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ശനിയാഴ്ച രാത്രി വീട്ടിലേയ്ക്ക് മടങ്ങവേ മൂന്ന് പേർ തടഞ്ഞുനിർത്തുകയും തങ്ങളുടെ സമുദായത്തെ അപമാനിച്ചുവെന്ന് പറഞ്ഞ് മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് യുവാവ് പൊലീസിൽ പറഞ്ഞത്.

മർദ്ദനത്തിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബാക്കിയുള്ളവർക്ക് വേണ്ടി അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

സുദീപ്‌തോ സെൻ സംവിധാനം ചെയ്ത വിവാദ ഹിന്ദി സിനിമയായ ‘ദി കേരള സ്റ്റോറി’ മേയ് അഞ്ചിനാണ് തീയേറ്ററുകളിലെത്തിയത്. കേരളത്തിൽ നിന്ന് 32,000 പെൺകുട്ടികൾ മതം മാറി ഇസ്ളാം മതം സ്വീകരിച്ചുവെന്നും ഭീകരസംഘടനയായ ഐസിസിലേയ്ക്ക് ചേർന്നുവെന്നുമെന്ന ടാഗ്‌ലൈനോടെ സിനിമയുടെ ട്രെയില‌ർ പുറത്തിറങ്ങിയപ്പോൾ തന്നെ ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. പിന്നീട് 32,000 അല്ല മൂന്ന് എന്ന് തിരുത്തി. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാക്കളും അടക്കം ചിത്രത്തെ തള്ളിപ്പറഞ്ഞിരുന്നു. അതേസമയം, തീവ്രവാദത്തിന്റെ പുതിയ മുഖം തുറന്നുകാട്ടുന്ന സിനിമയാണിതെന്നും ഇത് നിരോധിക്കണമെന്ന് പറയുന്നവർ തീവ്രവാദത്തെ വോട്ടുബാങ്കായി കാണുന്നവരാണെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *