‘ദിലീപ് സുഹൃത്തായതിനാൽ കേസിലേക്ക് തൻറെ പേര് വലിച്ചിഴക്കപ്പെട്ടു, ചാനലുകൾ റേറ്റിംഗിനായി കേസ് ഉപയോഗിച്ചു’; അൻവർ സാദത്ത്

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ വന്ന മാധ്യമ വാർത്തകളെ വിമർശിച്ച് ആലുവ എം എൽ എ അൻവർ സാദത്ത്. നടൻ ദിലീപ് സുഹൃത്തായതിൻറെ പേരിൽ തൻറെ പേര് കേസിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടുവെന്നും സത്യാവസ്ഥ അറിയാതെയാണ് തനിക്കെതിരെ നീക്കം നടന്നതെന്നും അൻവർ സാദത്ത് പറഞ്ഞു. ചാനലുകൾ റേറ്റിംഗിനായി കേസ് ഉപയോഗിച്ചപ്പോൾ തനിക്കുണ്ടായ ഡാമേജിന് ആര് മറുപടി പറയുമെന്നും അൻവർ സാദത്ത് ചോദിച്ചു.

കേസിൽ തനിക്ക് ഒരു ബന്ധവുമില്ല എന്ന് അറിഞ്ഞു കൊണ്ടാണ് ചില ചാനലുകൾ തനിക്കെതിരെ പ്രചരണം നടത്തിയത്. കാലടി പ്രസ് ക്ലബ് സംഘടിപ്പിച്ച പൊതു പരിപാടിയിൽ ആയിരുന്നു അൻവർ സാദത്തിൻറെ വിമർശനം. ദിലീപ് തൻറെ സുഹൃത്ത് തന്നെയാണ്. അതിൽ യാതൊരു സംശയവുമില്ല. എന്നാൽ, കേസിൽ തന്നെ വെറുതെ വലിച്ചിഴച്ചു. ദിലീപ് വളരെ കഷ്ടപ്പെട്ട് പ്രയത്‌നിച്ച് ഉയരങ്ങളിൽ എത്തി നിൽക്കെ പെട്ടെന്നാരു സുപ്രഭാതത്തിൽ ഇങ്ങനെയുണ്ടായപ്പോൾ അതിൻറെ വസ്തുത മനസിലാക്കാതെ റേറ്റിങിന് വേണ്ടി അത് ഇടിച്ചുതാഴ്ത്തുമ്പോഴുണ്ടാകുന്ന നഷ്ടം വളരെ വലുതാണെന്നും അൻവർ സാദത്ത് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *