നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി. കേസിലെ തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് കേസിലെ എട്ടാം പ്രതി ദിലീപും കൂട്ട് പ്രതി ശരത്തും നൽകിയ ഹർജി കോടതി തള്ളി. തുടരന്വേഷണ റിപ്പോർട്ട് അംഗീകരിച്ച കോടതി, ദിലീപിനും ശരത്തിനും എതിരായ കുറ്റങ്ങൾ നിലനിൽക്കുമെന്ന് അറിയിച്ചു. സെഷൻസ് ജഡ്ജ് ഹണി എം.വർഗീസാണ് ഹർജി വിധി പറഞ്ഞത്.
സംവിധായകൻ ബാലചന്ദ്രകുമാറിൻറെ മൊഴിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ പുതുതായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നായിരുന്നു പ്രതികളുടെ വാദം. തുടരന്വേഷണ റിപ്പോർട്ട് തള്ളി വിചാരണ എത്രയും വേഗം പൂർത്തിയാക്കണമെന്നും പ്രതികൾ ആവശ്യപ്പെട്ടിരുന്നു. ആദ്യ കുറ്റപത്രത്തിൽ ദിലീപിനെതിരെ ബലാത്സംഗം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരുന്നത്. തുടരന്വേഷണത്തിന് പിന്നാലെ ദിലീപിനെതിരെ ഒരു കുറ്റം കൂടി ചുമത്തി. ഹൈക്കോടതി ഹാജരാക്കാൻ നിർദ്ദേശിച്ച ഫോണിലെ വിവരങ്ങൾ നീക്കിയതിനാണ് പുതിയ കുറ്റം ചുമത്തിയത്. മുംബൈയിലെ ലാബിൽ വച്ചും സ്വകാര്യ ഹാക്കറെ ഉപയോഗിച്ചും ദിലീപ് ഫോണുകളിലെ തെളിവ് നശിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ വാദം.