ദാന ചുഴലിക്കാറ്റ്; 152 ട്രെയിനുകൾ റദ്ദാക്കി, ഒഡീഷയിലും ബംഗാളിലും ജാഗ്രതാ നിർദേശം

ദാന ചുഴലിക്കാറ്റിനെ തുടർന്ന് പശ്ചിമ ബംഗാളിലെ ഏഴ് ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകി. ചുഴലിക്കാറ്റിൻറെ പശ്ചാത്തലത്തിൽ 152 ട്രെയിനുകളാണ് റദ്ദാക്കിയത്. കേരളത്തിലേക്കും കന്യാകുമാരിയിലേക്കുമുള്ള ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. 24നുള്ള പാട്‌ന-എറണാകുളം എക്‌സ്പ്രസ് (22644), 23നുള്ള ദിബ്രൂഗഡ്-കന്യാകുമാരി (22504) തുടങ്ങിയ ട്രെയിനുകൾ ഉൾപ്പെടെയാണ് റദ്ദാക്കിയത്. ചുഴലിക്കാറ്റിനെ തുടർന്ന് ബംഗാളിലെ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒക്ടോബർ 23 മുതൽ ഒക്ടോബർ 26 വരെ അവധി പ്രഖ്യാപിച്ചു. ബംഗാളിലെ കിഴക്കൻ മിഡ്‌നാപൂർ, നോർത്ത് സൗത്ത് 24 പർഗാനകളെയും ചുഴലിക്കാറ്റ് കാര്യമായി ബാധിക്കും.

കൊൽക്കത്തയുൾപ്പടെയുള്ള ഇടങ്ങളിൽ ചുഴലിക്കാറ്റിനെ തുടർന്ന് ശക്തമായ മഴ ഉണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. പശ്ചിമ ബംഗാളിൽ വിവിധ ഭാഗങ്ങളിലായി 85 സംഘങ്ങളെ രക്ഷാപ്രവർത്തനത്തിനായി നിയോഗിച്ചിട്ടുണ്ട്. ദാന ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി ഒഡീഷയിലെ പുരിക്കും പശ്ചിമ ബംഗാളിലെ സാഗർ ദ്വീപിനും ഇടയിൽ വീശുമെന്നാണ് കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്.

ചുഴലിക്കാറ്റിനോടനുബന്ധിച്ച് ഒഡിഷയിലും സമീപസംസ്ഥാനങ്ങളിലും അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ട്. പുരി, ഗൻജാം, ഖോർദിയ, നയാഗഡ്, കിയോൻജർ, അൻഗുൽ, ധെൻകനാൽ, ഭദ്രക്, ബാലാസോർ, മയൂർഭഞ്ജ് ജില്ലകളിൽ 24, 25 തീയതികളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 150 എൻഡിആർഎഫ് സേനാംഗങ്ങളുമായി വ്യോമസേനയുടെ പ്രത്യേക വിമാനം ഭുവനേശ്വറിലെത്തി. ഒഡീഷയിൽ അയ്യായിരത്തിലധികം ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്. 10 ലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിക്കാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും 9 തുറമുഖങ്ങളിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *