കുഞ്ഞിനെ അമ്മയറിയാതെ ദത്ത് നൽകിയതിൽ ആരോപണവിധേയയായ ആളെ ബാലവകാശ കമ്മിഷൻ അംഗമാക്കി നിയമിച്ചു. ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്‌സൻ എൻ. സുനന്ദയെയാണ് ബാലവകാശ കമ്മിഷൻ അംഗമാക്കി നിയമിച്ചത്. കുഞ്ഞിനെ അമ്മ അന്വേഷിച്ചിട്ടും ദത്തു തടഞ്ഞില്ലെന്ന് അന്വേഷണ കമ്മിഷൻ റിപ്പോട്ടിൽ പരാമർശമുണ്ടായിരുന്നു.
അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകുമ്പോൾ ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്‌സണായിരുന്നു സുനന്ദ. കുഞ്ഞിനെ അന്വേഷിച്ച് എത്തിയ അനുപമയുടെ പരാതി കിട്ടിയപ്പോഴും അക്കാര്യം പോലീസിനെ അറിയിക്കാനോ താൽക്കാലിക ദത്ത് നടപടി നിർത്തി വയ്ക്കാനോ ചൈൽഡ് വെൽഫെയർ കമ്മറ്റി ചെയർപേഴ്‌സൺ ആയ അഡ്വ. എൻ. സുനന്ദ തയ്യാറായിരുന്നില്ല.
ഇക്കാര്യം സംഭവത്തെ കുറിച്ച് അന്വേഷിച്ച വകുപ്പ് തല അന്വേഷണ റിപ്പോർട്ടിലും പ്രതിപാദിച്ചിട്ടുണ്ട്. അനധികൃതമായി താൽക്കാലിക ദത്ത് നൽകിയ കുഞ്ഞിനെ ഒടുവിൽ തിരിച്ച് കൊണ്ടുവന്ന് അനുപമയ്ക്ക് കൈമാറിയിരുന്നു. ശിശുക്ഷേമ സമിതിക്കും ചൈൽഡ് വെൽഫയർ കമ്മിറ്റിക്കും പോലീസിനും ഗുരുതര വീഴ്ച പറ്റിയിട്ടും സർക്കാർ ആർക്കെതിരെയും ഒരു നടപടിയും എടുത്തില്ല.
നടപടി എടുത്തില്ലെന്ന് മാത്രമല്ല, താൽകാലിക ദത്ത് തടയാതിരുന്ന ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്‌സണെയാണ് ഇപ്പോൾ കുട്ടികളുടെ അവകാശം സംരക്ഷിക്കുന്ന സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട പദവി നൽകിയിരിക്കുന്നത്. രണ്ട് ദിവസം മുമ്പ് അഡ്വ എൻ സുനന്ദ ബാലാവകാശ കമ്മീഷൻ അംഗമായി ചുമതലയേറ്റു.