തെങ്കാശിയിൽ കാറും ലോറിയും കൂട്ടിയിടിച്ചു; ആറ് യുവാക്കൾക്ക് ദാരുണാന്ത്യം

തമിഴ്‌നാട് തെങ്കാശിയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറു പേർ മരിച്ചു. ഇന്ന് പുലർച്ചെ മൂന്നേമുക്കാലോടെയാണ് സംഭവം. കുറ്റാലം വെള്ളച്ചാട്ടം കണ്ടുമടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. ആറ് യുവാക്കളാണ് കാറിലുണ്ടായിരുന്നത്. സുഹൃത്തുക്കളായ ആറുപേരും ചേർന്ന് കാർ വാടകയ്ക്ക് എടുത്ത് കുറ്റാലം വെള്ളച്ചാട്ടത്തിലെത്തിയതായിരുന്നു. അവിടെനിന്ന് തിരിച്ച് വരുന്നവഴിയാണ് അപകടമുണ്ടായത്. 

സിമന്റ് കയറ്റിവന്ന ലോറി കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായും തകർന്നു. ജെസിബി കൊണ്ടുവന്ന് വളരെയേറെ ശ്രമത്തിനൊടുവിലാണ് ലോറിക്കടിയിൽ നിന്ന് കാറും മൃതദേഹങ്ങളും പുറത്തെടുത്തത്. തെങ്കാശി ചിന്താമണി സ്വദേശികളായ കാർത്തിക്, വേൽ, മനോജ്, സുബ്രഹ്‌മണ്യൻ, മനോഹരൻ, മുതിരാജ് എന്നിവരാണ് മരിച്ചത്. പതിനേഴിനും ഇരുപത്തിയെട്ടിനും ഇടയിൽ പ്രായമുള്ളവരാണിവർ. മൃതദേഹങ്ങൾ തിരുന്നൽവേലി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *