തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്; ഹൈക്കോടതി വിധിക്കെതിരെ എം സ്വരാജ് സുപ്രീം കോടതിയിൽ

കെ. ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് നല്‍കിയ ഹർജി തള്ളിയ ഹൈക്കോടതി വിധിക്കെതിരെ എം സ്വരാജ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. സുപ്രീം കോടതി സീനിയര്‍ അഭിഭാഷകന്‍ പി വി ദിനേശനാണ് സ്വരാജിനായി അപ്പീല്‍ ഫയല്‍ ചെയ്തിരിക്കുന്നത്.

കെ. ബാബുവിന്റെ തെരഞ്ഞെടുപ്പ് ഫലം ശരി​വെച്ച ഹൈക്കോടതി വിധി വിചിത്രമെന്നാണ് എം. സ്വരാജ് പ്രതികരിച്ചത്. വിധി ചോദ്യം ചെ​യ്യപ്പെടേണ്ടതാണെന്നും ഹൈകോടതിയിൽ തെളിവിനായി കൃത്യമായ രേഖകൾ സമർപ്പിച്ചിരുന്നു വെന്നും അദ്ദേഹം പറയുകയുണ്ടായി. ജനാധിപത്യം അട്ടിമറിക്കപ്പെടാൻ ഇത്തരം വിധികൾ ഇടയാക്കുമെന്നും സ്വരാജ് വ്യക്തമാക്കി. അതേസമയം, ഹൈക്കോടതി വിധിയിൽ സന്തോഷമുണ്ടെന്നായിരുന്നു കെ.ബാബുവിന്‍റെ പ്രതികരണം.

നിയമസഭ തെരഞ്ഞെടുപ്പിൽ മതചിഹ്നം ഉപയോഗിച്ച് വോട്ട് തേടി എന്നാരോപിച്ചാണ് എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന എം. സ്വരാജ് കെ. ബാബുവിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. മതം, ജാതി, ഭാഷ, സമുദായം എന്നിവയുടെ പേരിൽ വോട്ട് ചോദിക്കരുതെന്ന ചട്ടം ലംഘിച്ച ബാബുവിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും സ്വരാജ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നേരത്തേ ഹർജിക്കെതിരെ ബാബു നൽകിയ തടസ്സ വാദ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. മാത്രവുമല്ല ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചപ്പോഴും വിധി അനുകൂലമായിരുന്നില്ല.

2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 992 വോട്ടുകൾക്കാണ് കെ. ബാബു എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന എം. സ്വരാജിനെ പരാജയപ്പെടുത്തിയത്. 2016ൽ ബാബുവിനെ സ്വരാജ് 4471 വോട്ടുകൾക്ക് പരാജയപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *