തൂണേരി ഷിബിൻ വധക്കേസിൽ പ്രതികൾ കുറ്റക്കാരെന്ന് ഹൈക്കോടതി. ആദ്യ ആറു പ്രതികളും 15, 16 പ്രതികളുമാണ് കുറ്റക്കാരെന്ന് കോടതി വിധിച്ചത്. കേസിൽ 17 പ്രതികളെ വിചാരണക്കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. ഇതിനെ ചോദ്യം ചെയ്ത് പൊലീസ് സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.
പ്രതികളെ ഈ മാസം 15ന് കോടതിയിൽ ഹാജരാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ ആകെ 18 പേരെയാണ് പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നത്. 2015 ജനുവരി 22ന് രാത്രിയാണ് ഡിവൈഎഫ്‌ഐ പ്രവർത്തകനായ ഷിബിൻ കൊല്ലപ്പെട്ടത്. 17 പേരെയാണ് കേസിൽ അറസ്റ്റ് ചെയ്തിരുന്നത്. ലീഗുകാരായ മുഴുവൻ പ്രതികളെയും വിചാരണക്കോടതി വിട്ടയച്ചിരുന്നു. ഈ കേസിൽ വിട്ടയച്ച പ്രതികളിൽപ്പെട്ട കാളിയാറമ്പത്ത് അസ്ലമിനെ ഓഗസ്റ്റ് 12ന് വെട്ടിക്കൊലപ്പെടുത്തിയിരുന്നു. അസ്ലം ഒഴികെയുള്ള 16 പ്രതികളെയും ശിക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് നാദാപുരം സിഐ ജോഷിജോസാണ് അപ്പീൽ ഹർജി നൽകിയത്.