തിരുവമ്പാടി,  പാറമേക്കാവ്  ദേവസ്വങ്ങളുടെ  വേല  വെടിക്കെട്ട്;  ഹൈക്കോടതി  അനുമതി നൽകി

തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ വേല വെടിക്കെട്ടിന് ഹൈക്കോടതി അനുമതി. കേന്ദ്രവിജ്ഞാപനം ചൂണ്ടിക്കാട്ടി എഡിഎം വേലയുടെ ഭാഗമായുള്ള വെടിക്കെട്ടിന് അനുമതി നിഷേധിച്ചിരുന്നു. ഇതിനുപിന്നാലെയാണ് തിരുവമ്പാടി ദേവസ്വവും പാറമേക്കാവ് ദേവസ്വവും ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.വെടിക്കെട്ട് നടക്കുമ്പോൾ വെടിക്കെട്ട് പുരയിൽ സ്‌ഫോടക വസ്‌തുക്കൾ ഇല്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു.

കേന്ദ്ര വിജ്ഞാപന പ്രകാരം ഫയർവർക്ക് കൺട്രോളർ, അസിസ്റ്റന്റ് കൺട്രോളർ എന്നീ തസ്‌തികകൾ രൂപീകരിക്കാനും പെട്രോളിയം ആൻഡ് എക്സ്‌പ്ളൊസീവ് സേഫ്‌റ്റി ഓർഗനൈസേഷന് (പെസോ) കോടതി നിർദേശം നൽകി.അടുത്ത പൂരത്തിനുള്ള ഒരുക്കത്തിലാണ് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ. ആനയെഴുന്നള്ളിപ്പിൽ സുപ്രീം കോടതി വിധി അനുകൂലമായെത്തിയതോടെയാണ് 2025ലെ പൂരം കെങ്കേമമാക്കാൻ ദേവസ്വങ്ങൾ രംഗത്തിറങ്ങിയത്.

പൂരത്തിന് മുന്നോടിയായുള്ള പൂരം പ്രദർശനത്തിനുള്ള ഒരുക്കമാരംഭിക്കുകയും ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു. മേയ് ആറിനാണ് പൂരം.ഒരു പൂരം കഴിഞ്ഞാൽ അധികം വൈകാതെ അടുത്തപൂരത്തിനുള്ള ഒരുക്കം തുടങ്ങാറുണ്ട്. നെറ്റിപ്പട്ടങ്ങൾ ഉണ്ടാക്കുക, വെഞ്ചാമരം പുതിയത് വരുത്തുക, മേളക്കാരെയും ആനകളെയും ഏൽപ്പിക്കുക തുടങ്ങിയവയൊക്കെ നേരത്തെ ചെയ്യുന്നതാണ്. ഇത്തവണ അതിനായില്ല.തൃശൂർ പൂരം ഭംഗിയായി നടത്താനുള്ള ഒരുക്കങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ടെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ്‌കുമാർ മുൻപ് വ്യക്തമാക്കിയിരുന്നു.

ഇനി വിവാദങ്ങളുടെ പിന്നാലെ പോയിട്ട് കാര്യമില്ല. അടുത്ത പൂരത്തിരക്കിലേക്ക് കടക്കാനാണ് തിരുവമ്പാടിയുടെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.പൂരത്തിന്റെ എല്ലാ തടസങ്ങളും നീങ്ങിയെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷും പറഞ്ഞിരുന്നു. വിവാദങ്ങളുടെ പൂരം അവിടെ നടന്നോട്ടെ. യഥാർത്ഥ പൂരത്തിനുള്ള ഒരുക്കം ആരംഭിച്ചു കഴിഞ്ഞു. ആനയെഴുന്നള്ളിപ്പിന്റെ പ്രതിസന്ധി മാറിയതോടെ വലിയ ആശ്വാസമായെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *