തിരുവനന്തപുരത്ത് രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; അന്വേഷണസംഘവുമായി സഹകരിക്കാതെ ബന്ധുക്കൾ

തിരുവനന്തപുരം പേട്ടയിൽ രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബന്ധുക്കൾ അന്വേഷണസംഘവുമായി സഹകരിക്കുന്നില്ല. കുട്ടിയെ കിട്ടിയതിനാൽ നാട്ടിലേക്ക് മടങ്ങിപ്പോകാൻ അനുവദിക്കണമെന്നും തുടർനടപടികളോട് താൽപര്യം ഇല്ലെന്നുമാണ് ബന്ധുക്കൾ വ്യക്തമാക്കുന്നത്. അതേസമയം അമ്മയ്ക്കൊപ്പം അഭയകേന്ദ്രത്തിലേക്ക് മാറ്റിയ കുട്ടിയെ വീണ്ടും കൗൺസിലിംഗ് നടത്തുകയുണ്ടായി. നിർണായകമായ എന്തെങ്കിലും വിവരം ലഭിക്കുമോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്.

ഇതിനിയെ ഡി എൻ എ പരിശോധനയ്ക്കായി കുഞ്ഞിന്റെ സാമ്പിളെടുത്തിട്ടുണ്ട്. ഇത് പോലീസിന്റെ ഫൊറൻസിക് ലാബിലേക്ക് അയക്കുകയും ചെയ്തു. ഫലം ഒരാഴ്ചയ്ക്കകം തന്നെ ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുഞ്ഞിന്റെ രക്തസാമ്പിളും ശേഖരിച്ചിട്ടുണ്ട്. രക്തത്തിൽ മദ്യത്തിന്റെ സാമ്പിൾ അടങ്ങിയിട്ടുണ്ടോയെന്നാണ് പോലീസ് പരിശോധിക്കുന്നത്.

വിൽപ്പനയ്ക്കു കൊണ്ടുവന്നതാണോയെന്നതും പോലീസിന്റെ അന്വേഷണ പരിധിയിലുണ്ട്. അതേസമയം കുഞ്ഞ് എങ്ങനെ പൊന്തക്കാട്ടിലെ ഓടയിലെത്തി എന്നതിൽ അന്വേഷണസംഘത്തിന് ഇതുവരെയും വ്യക്തത വന്നിട്ടില്ല. എന്നാൽ ആരെങ്കിലും കൊണ്ടിട്ടതാണോയെന്ന കാര്യം പോലീസ് ഇപ്പോഴും ഉറപ്പിക്കുന്നില്ല. കുഞ്ഞിന്റെ ശരീരത്തിൽ പോറലേറ്റ പാടുകളൊന്നുമില്ല.കുഞ്ഞ് എങ്ങനെ ഓടയിലെത്തിയെന്ന കാര്യത്തിൽ ദുരൂഹത നിലനിൽക്കുന്നുവെന്നും അന്വേഷണം പുരോഗമിക്കുന്നതായും ഡി സി പി നിധിൻ രാജ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *