തിരുവനന്തപുരത്ത് തോട് വൃത്തിയാക്കാനിറങ്ങിയ നഗരസഭ ജീവനക്കാരനെ കാണാതായി; തിരച്ചിൽ തുടരുന്നു

തിരുവനന്തപുരം റെയിൽവേ സ്റ്റേഷന് സമീപത്തെ തോട് വൃത്തിയാക്കാനിറങ്ങിയയാളെ കാണാതായി. ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ ഇറങ്ങിയ ആളെയാണ് കാണാതായത്. കോർപ്പറേഷന്റെ താൽക്കാലിക ജീവനക്കാരനായ മാരായിമുട്ടം സ്വദേശിയായ 42കാരനായ ജോയ് എന്നയാളെയാണ് കാണാതായത്. തൊഴിലാളി തോട്ടിലെ ഒഴുക്കിൽ പെട്ടെന്നാണ് സംശയം ഉയരുന്നത്. ഫയർഫോഴ്സ് എത്തി രക്ഷിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. 

തിരുവനന്തപുരം റെയിൽവേ സ്റ്റേഷന് സമീപത്താണ് തോട് ഒഴുകുന്നത്. തോട്ടിലെ ഒഴുക്കിൽപെട്ടുപോയെന്നാണ് സംശയം. റെയിൽവേയുടെ നിർദേശാനുസരണമാണ് തോട് വൃത്തിയാക്കൽ നടന്നത്. റെയിൽവേ ലൈൻ ക്രോസ് ചെയ്ത് പോകുന്ന ഭാഗമാണിത്. റെയിൽവെ ലൈനിന് അടിയിൽ കൂടി പോകുന്ന തോടിന്റെ ഭാഗം പുറത്ത് കാണുന്ന വീതിയില്ല.

ടണലിന്റെ രൂപത്തിലാണ് തുടർന്നുളള ഭാഗങ്ങളെന്നാണ് വിവരം. ഇവിടെ വൃത്തിയാക്കാൻ നാല് പേരാണ് ഉണ്ടായിരുന്നത്. രാവിലെ മുതൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു വരികയായിരുന്നു. തോട്ടിൽ ധാരാളം മാലിന്യങ്ങൾ കൂമ്പാരംകെട്ടി കിടക്കുകയാണ്. മാലിന്യങ്ങൾ മൂലം തോട് ഒഴുക്ക് നിലച്ചുപോകുന്ന സാഹചര്യവും ഉണ്ടാവാറുണ്ട്. ഫയർഫോഴ്സ് ഉൾപ്പെടെയെത്തി രക്ഷാപ്രവർത്തനം നടത്തിവരികയാണ്. 

Leave a Reply

Your email address will not be published. Required fields are marked *