‘തിരഞ്ഞെടുപ്പ് സുതാര്യം, ബിജെപി-ഡിവൈഎഫ്‌ഐ പരാതി വാര്‍ത്തകളില്‍ പേര് വരാന്‍’;രാഹുല്‍ മാങ്കൂട്ടത്തില്‍

യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സുതാര്യമായിട്ടാണ് നടന്നതെന്ന് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. യൂത്ത് കോണ്‍ഗ്രസ് ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഈ തിരഞ്ഞെടുപ്പ് നടത്തിയത്. ദേശീയ കമ്മിറ്റിയുടേയും എഐസിസിയുടേയും നിയന്ത്രണത്തിലാണ് തിരഞ്ഞെടുപ്പ് വരുന്നത്. മറ്റ് ഇടപെടലുകള്‍ നടക്കാതിരിക്കാന്‍ സ്വതന്ത്ര സ്വഭാവത്തോടെ പ്രവര്‍ത്തിക്കുന്ന ഏജന്‍സിയെ നിയോഗിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഏത് പരാതി ലഭിച്ചാലും അന്വേഷണം നടക്കട്ടെയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കി യൂത്ത് കോണ്‍ഹഗ്രസ് തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയെന്ന ആരോപണത്തിലാണ് പ്രതികരണം. അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐയും ബിജെപിയും പരാതി നല്‍കിയിട്ടുണ്ട്.

‘ആര്‍ക്കും പരാതി കൊടുക്കാം, പരാതിയില്‍ അന്വേഷണം നടക്കട്ടെ. പരാതിയുണ്ടായ സാഹചര്യത്തെകുറിച്ച് വ്യക്തതയില്ല. മാധ്യമങ്ങളിലൂടെയാണ് പരാതിയെക്കുറിച്ച് അറിഞ്ഞത്. സാധാരണക്കാര്‍ പരാതി കൊടുത്താല്‍ പൊലീസ് നീതിയുക്തമായി കേസ് അന്വേഷിക്കാറില്ല. ഡിവൈഎഫ്‌ഐ കൊടുത്താലെങ്കിലും നിഷ്പക്ഷമായി അന്വേഷിക്കട്ടെ. ഇത്തരം ആരോപണങ്ങള്‍ വരുമ്പോഴാണ് ഡിവൈഎഫ്‌ഐ എന്ന പേര് പോലും കേള്‍ക്കുന്നത്. മറിയക്കുട്ടി വിഷയത്തില്‍ ഡിവൈഎഫ്‌ഐയുടെ പേര് എവിടെയും കേട്ടിട്ടില്ല. പേര് വരാനെങ്കിലും ഡിവൈഎഫ്‌ഐ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ത്തട്ടെ.’ രാഹുല്‍ മാങ്കൂട്ടത്തില്‍ പരിഹസിച്ചു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് ഇതുമായി ബന്ധപ്പെട്ട ആദ്യമായി ആരോപണം ഉന്നയിച്ചത്. ഇടക്കെങ്കിലും വാര്‍ത്തകളില്‍ പേര് വരാനായിരിക്കാം ഇത് ചെയ്തിട്ടുണ്ടാവുകയെന്നും രാഹുല്‍ പറഞ്ഞു. വ്യാജ ആരോപണമല്ലാതെ മറ്റെന്തെങ്കിലും ബിജെപി ഇതുവരെ ഉയര്‍ത്തിയതായി തനിക്ക് അറിയില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. തോല്‍ക്കാനും അട്ടിമറിക്കാനും വേണ്ടിയുള്ളതാണ് തിരഞ്ഞെടുപ്പെന്നാണ് സുരേന്ദ്രന്റെ ധാരണ. ഒന്നരലക്ഷം വ്യാജ ഐഡി കാര്‍ഡ് നിര്‍മ്മിച്ചുവെന്ന ആരോപണം സ്ഥിരീകരിച്ചിട്ടില്ല. ഏതെങ്കിലും ആപ്പിലൂടെ വോട്ട് രേഖപ്പെടുത്തിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ ബന്ധപ്പെട്ടപ്പോള്‍ അറിയാന്‍ കഴിഞ്ഞതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *