തിരഞ്ഞെടുപ്പിന്റെ പേരിൽ വിഭാഗീയതയുണ്ടാകാൻ ആഗ്രഹിക്കുന്നില്ല; ഷാഫി പറമ്പിൽ

തിരഞ്ഞെടുപ്പിന്റെ പേരിൽ വിഭാഗീയതയും സംഘർഷങ്ങളുമുണ്ടായി കാണാൻ ആഗ്രഹിക്കുന്നില്ലെന്ന് വടകരയിലെ യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ പറഞ്ഞു. ഇരുപതിൽ ഇരുപതും ലഭിക്കാവുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. വടകരയിൽ എളുപ്പത്തിൽ വിജയിക്കാനാകുമെന്നും ഷാഫി കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.

‘തിരഞ്ഞെടുപ്പിന്റെ പേരിൽ വിഭാഗീയതയും സംഘർഷങ്ങളുമുണ്ടായി കാണാൻ ആഗ്രഹിക്കുന്നവരല്ല ഞങ്ങൾ. മുന്നോട്ടുവച്ച പല വിഷയങ്ങളിലും പോലീസ് തീർപ്പുകൽപ്പിക്കാതിരുന്നിട്ടും അവരോട് സഹകരിക്കുന്നത് നാടിന്റെ സമാധാനം ഓർത്തിട്ടാണ്. നാടിന്റെ സമാധാനം കെടുത്താനുള്ള മാർഗം വ്യാജസൃഷ്ടികളാണ്. ഇത്തരം സൃഷ്ടികൾക്ക് പിന്നിൽ ആരാണെന്ന് എളുപ്പത്തിൽ കണ്ടെത്താനുള്ള സാധിക്കുമെങ്കിലും, പോലീസിന്റെ മെല്ലെപ്പോക്ക് വ്യക്തമായിട്ടും സഹകരിക്കുന്നത് നാടിന്റെ സമാധാനം ഓർത്തതുകൊണ്ടാണ്’, ഷാഫി പറഞ്ഞു.

ഏറ്റവും ഒടുവിൽ സൃഷ്ടിച്ച് പ്രചരിപ്പിച്ച വ്യാജസൃഷ്ടിയുൾപ്പെടെ ഉണ്ടാക്കിയതിന് പിന്നിൽ ആരാണെന്ന് പോലീസ് കണ്ടെത്തി ശിക്ഷിക്കണം. അവർ അവരുടെ ഉത്തരവാദിത്വം മറക്കരുത്. ഒരു നാടിന്റെ സമാധാനം കെടുത്താനും ഭിന്നിപ്പുണ്ടാക്കാനുമുള്ള ബോധപൂർവമായ ശ്രമമാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ. അവർക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ നൽകാൻ ഭരണകൂടത്തിന് ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *