താരങ്ങളെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് സ്വാഭാവികം; അതാണ് സുരേഷ് ഗോപി ചെയ്തതെന്ന് എംവി ഗോവിന്ദൻ

തെരഞ്ഞെടുപ്പിൽ താരങ്ങളെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് സ്വാഭാവികമാണെന്ന് എംവി ഗോവിന്ദൻ. അതിനു വഴങ്ങാതെ വരുമ്പോൾ മറ്റു വഴികളിലൂടെ സ്വാധീനിക്കാനായി ശ്രമിക്കുന്നു. അതാണ് തൃശൂരിൽ സുരേഷ് ഗോപി ചെയ്തതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ടോവിനോയുടെ ചിത്രങ്ങൾ വിഎസ് സുനിൽകുമാർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിനെ കുറിച്ച് അറിയില്ല. എസ് രാജേന്ദ്രൻ ഉടൻതന്നെ മെമ്പർഷിപ്പ് പുതുക്കും. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നിലപാട് ഇടതുമുന്നണിക്ക് അനുകൂലമാണെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

അതിനിടെ, കലാണ്ഡലം ഗോപിയുടെ മകൻറെ ഫേയ്‌സ്ബുക്ക് പോസ്റ്റിൽ കൂടുതൽ പ്രതികരണവുമായി തൃശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി രംഗത്തെത്തി. പാർട്ടി ജില്ലാ അധ്യക്ഷനാണ് പ്രമുഖരുടെ പട്ടിക തയ്യാറാക്കുന്നതെന്നും ഒരാളെയും ഗോപിയാശാനെ കാണുന്നതിനായി ചുമതല ഏൽപ്പിച്ചിട്ടില്ലെന്നും ഏൽപ്പിക്കാനും ഉദ്ദേശിച്ചിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. താൻ എല്ലാ കാര്യങ്ങളും ഏൽപ്പിക്കുന്നത് ബിജെപി ജില്ലാ അധ്യക്ഷൻ അനീഷിനെയാണ്. ഗോപിയാശാനെ ബന്ധപ്പെട്ടില്ല. ഗോപിയാശാൻറെ മകൻറെ പോസ്റ്റ് വായിച്ചിട്ടില്ല. മുമ്പ് പലതവണ ഗോപിയാശാനെ കണ്ടിട്ടുണ്ട്. മുമ്പ് അദ്ദേഹത്തിന് മുണ്ടും നേര്യതും നൽകി വണങ്ങിയിട്ടുണ്ട്. അദ്ദേഹത്തിൻറെ വീട്ടിൽ പോയി ഭക്ഷണം കഴിച്ചിട്ടുണ്ട്.

ഗോപിയാശാൻറെ ഡോക്യൂമെൻററി ഞാനാണ് പ്രകാശനം ചെയ്തത്. മകൻറെ പ്രതികരണം ഗോപിയാശാൻറെ മനസ്സാണോ എന്നത് അറിയില്ല. പ്രമുഖരായ കലാകാരന്മാർ മാത്രമല്ല, പ്രമുഖരായ വ്യക്തികളുമുണ്ട്. ഇവരെയെല്ലാം എല്ലാ സ്ഥാനാർത്ഥികളും കാണുന്നതാണ്. താനൊരു ഗുരുത്വത്തിൻറെ പേരിലാണ് ഇത്തരത്തിൽ വ്യക്തികളെ കണ്ട് അനുഗ്രഹം തേടുന്നത്. ഗുരുനാഥ തുല്യരായവരെയാണ് കാണുന്നത്. അത്തരത്തിൽ ഗോപിയാശാൻ ഗുരുതുല്യനാണ്. ഗുരുവെന്ന നിലയിൽ അദ്ദേഹത്തെ വണങ്ങാൻ ഇനിയും ആഗ്രഹമുണ്ട്. പാർട്ടി ജില്ലാ അധ്യക്ഷനോട് ഈ ആവശ്യം പറയും.

ഗോപിയാശാനെ നേരിട്ട് കണ്ട് അനുഗ്രഹം തേടാനായില്ലെങ്കിൽ ഗുരുവായൂരപ്പൻറെ നടയിൽ വെറ്റിലയും അടക്കയും മുണ്ടും നേര്യതും സമർപ്പിച്ച് ഗോപിയാശാന് മനസുകൊണ്ട് പൂജ അർപ്പിച്ച് അനുഗ്രഹം തേടും. ഗോപിയാശാന് പ്രയാസമുണ്ടെങ്കിൽ മാനസപൂജ ചെയ്യുമെന്നും സുരേഷ് ഗോപി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *