താനൂരിൽ ബോട്ട് മുങ്ങി 22 പേർ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മലപ്പുറം ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും ആലപ്പുഴ ചീഫ് പോർട്ട് സർവേയറും പത്ത് ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജു നാഥ് ആവശ്യപ്പെട്ടു. മേയ് 19 ന് തിരൂരിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. അപകടത്തിൽപെട്ട ബോട്ട് ഫോറൻസിക് സംഘം പരിശോധിച്ചു. പൊലീസ് അന്വേഷണത്തിൽ ഏറെ നിർണായകമാകുന്ന കാര്യങ്ങളായിരിക്കും ഈ ശാസ്ത്രീയ തെളിവുകൾ. ബോട്ട് നിർമ്മാണവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ ഇതിനോടകം ഉയർന്നു വന്നിട്ടുണ്ട്. ബോട്ടിന്റെ നിർമ്മാണം, ബോട്ടിന്റെ ആകൃതി, അതുപോലെ മുകളിൽ ആളുകൾക്ക് കയറി നിൽക്കാനുള്ള സാഹചര്യം തുടങ്ങി നിരവധി പ്രശ്നങ്ങളുണ്ടായിട്ടുണ്ട്.
ഇതൊക്കെയാണ് അപകടത്തിലേക്ക് നയിച്ചത് എന്ന് പൊലീസ് അന്വേഷണത്തിൽ സ്ഥാപിക്കുന്ന സമയത്ത്, അതിനെ സാധൂകരിക്കുന്ന ശാസ്ത്രീയ തെളിവുകളുടെ സാന്നിദ്ധ്യം ഉറപ്പാക്കുക എന്നത് അന്വേഷണ സംഘത്തെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. അതിന്റെ ഭാഗമായിട്ടാണ് ഫോറൻസിക് സംഘം ബോട്ടിൽ പരിശോധന നടത്തുന്നത്. ഏകദേശം മൂന്ന് മണിയോടെ തുടങ്ങിയ പരിശോധന പൂർത്തിയായിട്ടില്ല. വിവിധ ഭാഗങ്ങളിൽ നിന്ന് പരിശോധന നടത്തുകയും വിവിധ സാമ്പിളുകൾ ശേഖരിക്കുന്ന ദൗത്യമാണ് ഇപ്പോൾ ഫോറൻസിക് സംഘം തുടരുന്നത്.
താനൂരിലെ ദുരന്തത്തിൽ മരിച്ചവരുടെ പട്ടിക സർക്കാർ പുറത്തുവിട്ടു. താലൂക്ക് തിരിച്ചുള്ള കണക്കാണ് പേര് വിവരങ്ങളാണ് പുറത്തുവിട്ടത്. കീഴാറ്റൂർ വയങ്കര വീട്ടിൽ അൻഷിദ് (12), അഫ്‌ലഹ് (7), പരിയാപുരം കാട്ടിൽ പീടിയേക്കൽ സിദ്ധിഖ് (41), ഫാത്തിമ മിൻഹ (12), മുഹമ്മദ് ഫൈസാൻ (മൂന്ന്), ആനക്കയം മച്ചിങ്ങൽ വീട്ടിൽ ഹാദി ഫാത്തിമ(ആറ്) എന്നിവരാണ് ഏറനാട്, തിരൂർ, പെരിന്തൽമണ്ണ താലൂക്കുകളിൽ നിന്നായി താനൂരിലെ ബോട്ട് സവാരിക്ക് എത്തിയതും അപകടത്തിൽ മരിച്ചതും. തിരൂരങ്ങാടി താലൂക്ക് സ്വദേശികളാണ് മരിച്ച 16 പേരും. പരപ്പനങ്ങാടി കുന്നമ്മൽ വീട്ടിൽ ഫാത്തിമ റൈന (എട്ട് മാസം), ഫാത്തി റുസ്ന (ഏഴ് വയസ്), സഹാറ (എട്ട് വയസ്), റസീന(28), ഫിദ ദിൽന(എട്ട്), ഷംന (17), ഷഹല (12), ഹസ്ന (18), സീനത്ത് (42), ജെൻസിയ (44), ജമീർ (10) എന്നിവർ ഒറു കുടുംബത്തിലെ അംഗങ്ങളായിരുന്നു. നെടുവ മടയംപിലാക്കൽ സബറുദ്ദീൻ (38), നെടുവ വെട്ടിക്കുത്തി വീട്ടിൽ സൈനുൽ ആബിദിന്റെ ഭാര്യ ആയിശ (35), മക്കളായ ആദിൽ ഷെറിൻ (15), മുഹമ്മദി അദ്നാൻ (10), മുഹമ്മദ് അഫഹാൻ (മൂന്നര) എന്നിവരും അപകടത്തിൽ മരിച്ചു.