താനൂർ ദുരന്തം: ബോട്ടുടമ നാസറിന്റെ അറസ്റ്റ് രേഖപ്പെടുത്തി

താനൂർ ബോട്ടപകടത്തിൽ ഉടമ നാസറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. നാസറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ കോഴിക്കോട് നിന്നാണ് താനൂർ സ്വദേശി നാസറിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. എന്നാൽ, ബോട്ടിലുണ്ടായിരുന്ന ജീവനക്കാരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. അപകടത്തിനു പിന്നാലെ ബോട്ടുടമ നാസറും ഡ്രൈവർ ഉൾപ്പെടെയുള്ള ജീവനക്കാരും ഒളിവിൽ പോയിരിക്കുകയായിരുന്നു. ജീവനക്കാരെ പിടികൂടാനുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. നാസർ നിലവിൽ മലപ്പുറം പോലീസ് സ്റേഷനിലാണുള്ളത്. താനൂർ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകേണ്ടതായിരുന്നു എങ്കിലും നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് മലപ്പുറത്തേക്ക് മാറ്റുകയായിരുന്നു.

ഇയാളെ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൂടുതൽ വകുപ്പുകൾ ചുമത്താനുള്ള സാധ്യതയും പോലീസ് പരിശോധിച്ച് വരികയാണ്. നിലവിൽ അസ്വാഭാവിക മരണമെന്ന നിലക്കാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൂടുതൽ ശക്തമായ വകുപ്പുകൾ ചുമത്താനാണ് പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്. ഇന്ന് രാവിലെ പ്രത്യേക അന്വേഷണസംഘം കേസിന്റെ മേൽനോട്ടം വഹിക്കുന്ന ജില്ലാ പോലീസ് മേധാവിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രതികൾക്കെതിരെ കൂടുതൽ ഗുരുതരമായ വകുപ്പുകൾ ചുമത്തുന്നത് സംബന്ധിച്ച് ചർച്ചയായി. അതേസമയം, താനൂർ ബോട്ടപകടത്തിൽ മാരിടൈം ബോർഡ് തുറമുഖ വകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചു. അപകടത്തിന്റെ പ്രധാന കാരണം കൂടുതൽ യാത്രക്കാരെ കയറ്റിയതാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഡ്രൈവറുടെ പരിചയക്കുറവും ബോട്ട് മറിയാൻ കാരണമായി. 22 പേരെ കയറ്റാൻ അനുമതിയുള്ള ബോട്ടിലാണ് നാൽപ്പതിലധികം പേരെ കയറ്റിയത്. താഴത്തെ ഡക്കിൽ മാത്രമാണ് യാത്രക്കാരെ കയറ്റാൻ അനുമതി ഉണ്ടായിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

22 യാത്രക്കാർക്കാണ് ഇൻഷുറൻസ് ആനുകൂല്യം ലഭിക്കുക. അറ്റ്ലാൻഡ് എന്ന ബോട്ട് നിർമിച്ചത് അനുമതിയില്ലാതെയെന്ന് രേഖകൾ പരിശോധിച്ചതിൽ കണ്ടെത്തി. ബോട്ടിന് പിഴ ഈടാക്കിയാണ് നിർമാണം ക്രമപ്പെടുത്തിയത്. 10000 രൂപയാണ് ഇതിനായി ഈടാക്കിയത്. മരിടൈം ബോർഡ് സി.ഇ.ഒ ഇതുസംബന്ധിച്ച് കത്ത് നൽകി.

Leave a Reply

Your email address will not be published. Required fields are marked *