താനൂർ ദുരന്തം: നാസറിനെ രക്ഷപ്പെടാൻ സഹായിച്ച 3 പേർ അറസ്റ്റിൽ

താനൂർ ബോട്ട് ദുരന്തത്തിലെ പ്രതി നാസറിനെ ഒളിവിൽ പോകാൻ സഹായിച്ച മൂന്നു പേർ പിടിയിലായി. സലാം, വാഹിദ്, മുഹമ്മദ് ഷാഫി എന്നിവരെയാണ് പിടികൂടിയത്. ഇവർ താനൂർ സ്വദേശികളാണ്. പൊന്നാനിയിൽ നിന്നാണ് ഇവർ പിടിയിലായത്. പ്രതിയായ ബോട്ടുമ നാസറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രതിയെ തിരൂർ സബ്ജയിലിലേക്ക് മാറ്റി. അതേസമയം, കോടതിക്ക് മുന്നിൽ നാട്ടുകാർ പ്രതിഷേധിച്ചു. റിമാന്റിലായ നാസറിനെ പൊലീസ് കൊണ്ടുപോയി. നാസറിനെ വിട്ടുകിട്ടാൻ പൊലീസ് നാളെ കസ്റ്റഡി അപേക്ഷ നൽകും. 

അതേസമയം, താനൂരിൽ 22 പേരുടെ മരണത്തിന് കാരണമായ  അപകടത്തിൽ മന്ത്രിമാരായ വി അബ്ദു റഹ്‌മാനും മുഹമ്മദ് റിയാസിനുമെതിരെ ഗുരുതര ആരോപണം ഉയരുന്നുണ്ട്. ലൈസൻസില്ലാത്ത ആളാണെന്നും കഴിഞ്ഞ മാസം 23ന് മന്ത്രിമാരായ വി അബ്ദു റഹ്‌മാനെയും മുഹമ്മദ് റിയാസിനെയും മുഹാജിദ് എന്ന മത്സ്യത്തൊഴിലാളി നേരിട്ട് കണ്ട് പറഞ്ഞിട്ടും നടപടിയെടുത്തില്ലെന്നാണ് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ആരോപണം. വിവരം കൈമാറിയപ്പോൾ തട്ടിക്കയറിയ അബ്ദു റഹ്‌മാനും ഒഴിഞ്ഞു മാറിയ മുഹമ്മദ് റിയാസും ഈ ദുരന്തത്തിനും മനുഷ്യക്കുരുതിക്കും ഉത്തരവാദികളാണ്. രണ്ടു പേർക്കുമെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നും ഫേസ്ബുക്ക് കുറിപ്പിൽ രാഹുൽ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *