താനൂർ കസ്റ്റഡി മരണം: പ്രതികളുടെ തിരിച്ചറിയൽ പരേഡ് ഇന്ന് വീണ്ടും നടത്തും

താനൂർ കസ്റ്റഡി മരണക്കേസിൽ പൊലീസുകാരായ പ്രതികളുടെ തിരിച്ചറിയൽ പരേഡ് ഇന്ന് വീണ്ടും നടത്തും. വൈകീട്ട് 3ന് കാക്കനാട് ജില്ലാ ജയിലിലാണ് തിരിച്ചറിയൽ പരേഡ് നടത്തുക. പ്രതികളായ നാല് പൊലീസുകാരുടെയും തിരിച്ചറിയൽ പരേഡ് നേരത്തെ നടത്തിയിരുന്നു. എന്നാൽ എല്ലാ സാക്ഷികൾക്കും അന്ന് തിരിച്ചറിയിൽ പേരഡിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല.

കസ്റ്റഡിയിൽ എടുക്കുമ്പോൾ താമിർ ജിഫ്രിയെ പൊലീസുകാർ മർദ്ദിക്കുന്നതു കണ്ടെന്ന സാക്ഷിമൊഴികളുണ്ട്. ഈ സാഹചര്യത്തിൽ നേരത്തെ അസൗകര്യം കാരണം എത്തിച്ചേരാൻ കഴിയാത്ത സാക്ഷികളുടെ കൂടി തിരിച്ചറിയിൽ പരേഡ് നടത്തണമെന്നായിരുന്നു സിബിഐയുടെ ആവശ്യം. ഈ ആവശ്യം എറണാകുളം സി ജെ എം കോടതി അനുവദിക്കുകയായിരുന്നു. ആഗസ്റ്റ് ഒന്നിനാണ് മലപ്പുറം താനൂരിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ താമിർ ജിഫ്രി എന്ന യുവാവ് മരിച്ചത്. കസ്റ്റഡി മർദ്ദനമാണ് മരണ കാരണമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് എസ് പിയുടെ പ്രത്യേക സംഘത്തിലെ അംഗങ്ങളായ  സിവിൽ പൊലീസ് ഓഫിസർമാരായ  ജിനേഷ്, ആൽബിൻ അഗസ്റ്റിൻ, അഭിമന്യു, വിപിൻ എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *