താടിയും മീശയും വടിക്കുന്നത് പോലും വാർത്തയാക്കുന്നു; ഇത് കമ്മ്യൂണിസ്റ്റ്‌ രീതിയല്ല: നേതാക്കളുടെ സെൽഫ് പ്രമോഷന് സിപിഎം സമ്മേളനത്തിൽ പരിഹാസം

സമൂഹ മാധ്യമങ്ങളിലൂടെയുള്ള നേതാക്കളുടെ സെൽഫ് പ്രമോഷന് സിപിഎം എറണാകുളം ജില്ലാ സമ്മേളനത്തിൽ പരിഹാസം. ചിലർക്ക് ഫോണോമാനിയയാണ്. താടിയും മീശയും വടിക്കുന്നത് പോലും വാർത്തയാക്കുന്നു. ഇത് കമ്മ്യൂണിസ്റ്റ്‌ രീതിയല്ല. ഈ പ്രവണത തിരുത്തണമെന്നും സമ്മേളന പ്രതിനിധികൾ ആവശ്യപ്പെട്ടു. 

അതേസമയം കൂത്താട്ടുകുളം നഗരസഭ വിഷയത്തിൽ പാർട്ടിക്ക് വീഴ്ചയില്ലെന്ന് സമ്മേളനം വിലയിരുത്തി. പാർട്ടിയെ ഒറ്റുകൊടുക്കുന്നവരോട് സമരസപ്പെടേണ്ടതില്ല. പാർട്ടി സ്വീകരിച്ച നിലപാടിനെ സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികൾ അംഗീകരിച്ചു. എറണാകുളം ജില്ലാ സമ്മേളനമാണ് കൂത്താട്ടുകുളം ഏരിയ കമ്മിറ്റി നിലപാടിനെ ശരിവെച്ചത്.

കൂത്താട്ടുകുളം നഗരസഭയിലെ അവിശ്വാസ പ്രമേയത്തിനിടെ തന്നെ സിപിഎമ്മുകാർ തട്ടിക്കൊണ്ടുപോയെന്നാണ് കൌണ്‍സിലർ കല രാജു നൽകിയ പരാതിയിൽ പറയുന്നത്. തന്നോട് മോശം ഭാഷയിൽ സംസാരിച്ചുവെന്നും വലിച്ചിഴച്ച് കാറിൽ കയറ്റിയെന്നുമാണ് കലാ രാജു പറയുന്നത്.

അതേസമയം കല രാജുവിനെ തട്ടിക്കൊണ്ടു പോയതല്ലെന്ന് അവകാശപ്പെട്ട് സിപിഎം ദൃശ്യങ്ങൾ പുറത്തുവിട്ടു. കലാ രാജു കൂത്താട്ടുകുളം ഏരിയ കമ്മിറ്റി ഓഫീസിലിരുന്ന് സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. എന്നാൽ ഭീഷണിപ്പെടുത്തിയാണ് വീഡിയോ ചിത്രീകരിച്ചതെന്നും മക്കളെ കൊല്ലുമെന്ന് കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും കലാ രാജു മൊഴി നൽകി. 

Leave a Reply

Your email address will not be published. Required fields are marked *