‘തരൂർ ആനമണ്ടൻ, ഇതുപോലുള്ള ഇറക്കുമതി ചരക്കുകൾ ഇവിടെ ചെലവാകില്ല’: വെള്ളാപ്പള്ളി നടേശന്‍

ശശി തരൂരിനെതിരെ ആഞ്ഞടിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കേരളത്തില്‍ വേരുറപ്പിക്കാന്‍ സമുദായനേതാക്കളെ സന്ദര്‍ശിക്കുകയാണ് ശശി തരൂര്‍. കോൺഗ്രസിനെ വളർത്തി വലുതാക്കിയ നിരവധി നേതാക്കൾ കേരളത്തിലുണ്ട്. ഡല്‍ഹി നായരാക്കി തരൂരിനെ അകറ്റിനിര്‍ത്തിയിരുന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ഒറ്റദിവസം കൊണ്ട് അദ്ദേഹത്തെ ചങ്ങനാശേരി നായരും തറവാടി നായരും വിശ്വപൗരനുമാക്കി.

ഇത്രയും പച്ചയായി ജാതി പറഞ്ഞിട്ടും അവിടെവച്ച് അതിനെ എതിര്‍ക്കാനോ നിഷേധിക്കാനോ ശശി തരൂര്‍ തയാറായില്ലെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.  ഇതോടു കൂടി തരൂരിന്റെ രാഷ്ട്രീയ ജിവിതം കേരളത്തിൽ നശിച്ചു. കാരണം കോൺഗ്രസിനെ വളർത്തി വലുതാക്കാൻ കഷ്ടപ്പെട്ട നിരവധി പേരുണ്ട് ഇവിടെ. ചെറുപ്പം മുതൽ കോൺഗ്രസിനായി പ്രവർത്തിച്ച രമേശ് ചെന്നിത്തലയെ പോലുള്ള എത്രയോ പേരുണ്ട്.  15 വർഷത്തെ രാഷ്ട്രീയ പരിചയം മാത്രമാണ് തരൂരിനുള്ളത്. 

തരൂർ ഇപ്പോൾ ഇവിടെ വന്ന് പ്രമാണിയാകുകയാണ്. ഇപ്പോൾ‌ പറയുന്നു കുമാരനാശാനെപ്പറ്റിയും അയ്യങ്കാളിയെപ്പറ്റിയും എഴുതുമെന്ന്. ഇതൊക്കെ രാഷ്ട്രീയ അടവുനയമാണ്. ഇതൊക്കെ വടക്കേ ഇന്ത്യയിൽ നടക്കുമെന്നല്ലാതെ കേരളത്തിലെങ്ങും ഈ പരിപ്പ് വേവില്ല. തരൂർ ഇത്രേം ഒരു ആന മണ്ടനാണെന്ന് താൻ ഇപ്പോഴാണ് മനസ്സിലാക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു, 

താനടക്കം ഒരു സമുദായനേതാവിന്റെയും വാക്കുകേട്ടല്ല ഇപ്പോള്‍ വോട്ടര്‍മാര്‍ തീരുമാനമെടുക്കുന്നതെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഒരു ദലിത് നേതാവിന്റെ ദേശീയ അധ്യക്ഷനാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചപ്പോള്‍ എതിര്‍ത്ത് മല്‍സരിച്ച തരൂര്‍ കടുത്ത പിന്നാക്ക വിരോധിയാണ്. ശശി തരൂരിനെപ്പോലുള്ള ഇറക്കുമതിച്ചരക്കുകള്‍ കേരളത്തില്‍ ചെലവാകില്ല. കേരളം വിട്ട് വടക്കോട്ട് പോകുന്നതാണ് അദ്ദേഹത്തിന് നല്ലതെന്നും വെള്ളാപ്പള്ളി പറഞ്ഞു. 

ഇവിടെ തുടര്‍ന്നാല്‍ വെറുതെ കൊതുകുകടി കൊണ്ട് മന്തുവരുമെന്ന് മാത്രമേയുള്ളു. ബാല്യകാലം മുതല്‍ കോണ്‍ഗ്രസിനുവേണ്ടി വിയര്‍പ്പൊഴുക്കിയ നേതാക്കളെ വെട്ടാനാണ് തരൂര്‍ ശ്രമിക്കുന്നത്. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയാകാന്‍ പോരടിക്കുന്നവരെല്ലാം ഒരു പ്രത്യേകസമുദായത്തില്‍പ്പെട്ടവരാണ്. കൊടിക്കുന്നില്‍ സുരേഷിനെ എന്തുകൊണ്ട് മുഖ്യമന്ത്രി പദവിയിലേക്ക് കോണ്‍ഗ്രസ് പരിഗണിക്കുന്നില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ ചോദിച്ചു.

പിന്നാക്ക, പട്ടികവിഭാഗ വിരോധിയാണെന്നണ് തരൂരിന്റെ സംസാരത്തിൽ നിന്ന് മനസ്സിലാകുന്നത്. രാജ്യത്തിന്റെ ഭരണം വീണ്ടും ബിജെപിക്ക് ലഭിക്കുമെന്ന തോന്നലുള്ളതുകൊണ്ടാണ് കേരളത്തിൽ നിന്നുള്ള എംപിമാർ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വരണമെന്ന് പറയുന്നത്. തരൂരിനെപ്പോലുള്ള ഇറക്കുമതി ചരക്കുകൾ ഇവിടെ ചെലവാകില്ല. വടക്കൻ രാഷ്ട്രീയത്തിലേക്ക് പോകുന്നതാകും തരൂരിന് നല്ലത്. കെ.മുരളീധരന് മുഖ്യമന്ത്രിക്കസേര കിട്ടില്ലെന്ന ഉറപ്പായതുകൊണ്ടാണ് തരൂരിനെ പിന്തുണയ്ക്കുന്നത്. ആർ.ശങ്കറിനു ശേഷം കോൺഗ്രസിൽ നിന്ന് പിന്നാക്ക വിഭാഗക്കാരെ എന്തുകൊണ്ട് മുഖ്യമന്ത്രിയാക്കിക്കൂടായെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *