തമിഴ്‌നാടിന്റെ ‘ഓപ്പറേഷൻ അരിക്കൊമ്പൻ’ ഉച്ചയ്ക്കുശേഷം: കുങ്കിയാനകൾ പുറപ്പെട്ടു; കമ്പം ടൗണിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

 കേരള അതിർത്തിയോടു ചേർന്ന് തമിഴ്നാട്ടിലെ കമ്പം ടൗണിലിറങ്ങി പരാക്രമം കാട്ടിയ കാട്ടാന അരിക്കൊമ്പനെ ഇന്ന് ഉച്ചയ്ക്കുശേഷം മയക്കുവെടിവയ്ക്കുമെന്നു തമിഴ്നാട് വനംവകുപ്പ് അറിയിച്ചു. തമിഴ്നാട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ശ്രീനിവാസ റെഡ്ഡിയുടെ പ്രത്യേക നിർദേശമനുസരിച്ച് ഹൊസൂരിൽനിന്നും മധുരയിൽനിന്നും രണ്ടു വൈറ്ററിനറി വിദഗ്ധരെ കമ്പത്തെത്തിക്കും.

ദൗത്യത്തിനായി ആനമലയിൽനിന്നും കുങ്കിയാനകൾ പുറപ്പെട്ടു. മൂന്നു മണിയോടെ ‘ഓപ്പറേഷൻ അരിക്കൊമ്പൻ’ തുടങ്ങാനാണ് തീരുമാനം. ദൗത്യം കഴിഞ്ഞ് ആനയുടെ ആരോഗ്യനില പരിശോധിച്ചശേഷം ഹൊസൂരിൽനിന്നു കൊണ്ടുവരുന്ന പ്രത്യേക വാഹനത്തിൽ ഉൾവനത്തിലേക്കു കൊണ്ടുപോകാനാണ് തീരുമാനം.

ആനയെ പിടികൂടുന്നത് സംബന്ധിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിലും വനംമന്ത്രിയും തമ്മിൽ ആശയവിനിമയം നടത്തി. തേനി എംഎൽഎയുമായും ഇരുവരും ചർച്ച നടത്തുന്നുണ്ട്. ആനയെ പിടികൂടാൻ എല്ലാ വകുപ്പുകളും സഹകരിക്കണമെന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ ആനയെ മാറ്റണമെന്നും എം.കെ.സ്റ്റാലിൻ ആവശ്യപ്പെട്ടു.

ഇന്നു രാവിലെ കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പൻ വൻതോതിൽ ഭീതി സൃഷ്ടിച്ച് നാശനഷ്ടങ്ങൾ വരുത്തിയിരുന്നു. ഓട്ടോറിക്ഷയും ബൈക്കും ഉൾപ്പെടെ തകർത്ത ആന, ആളുകളെ വിരട്ടിയോടിച്ചു. ഓട്ടോയിലുണ്ടായിരുന്ന ബൽരാജിനു പരുക്കേറ്റു. ടൗണിലെ പ്രധാന റോഡുകളിലൊന്നിലൂടെ ആളുകളെ ഓടിക്കുന്ന അരിക്കൊമ്പന്റെ ദൃശ്യം പുറത്തായിരുന്നു.

കമ്പം ടൗണിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനം പുറത്തിറങ്ങരുതെന്നു നിർദേശം നൽകി. തോക്കുമായി പൊലീസുകാര്‍ രംഗത്തെത്തി. ആകാശത്തേക്കു വെടിവച്ച് അരിക്കൊമ്പനെ കാട്ടിലേക്ക് ഓടിക്കാനാണു പൊലീസ് ശ്രമിക്കുന്നത്. കമ്പംമേട്ട് റൂട്ടിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. ടൗണിൽനിന്നു മൂന്നു കിലോമീറ്റർ മാറി ഒരു തോട്ടത്തിലാണ് ഇപ്പോൾ ആനയുള്ളത്.

അരിക്കൊമ്പന്റെ പരാക്രമം ജനജീവിതത്തെ ബാധിച്ച സാഹചര്യത്തിലാണ് മയക്കുവെടി വയ്ക്കാനുള്ള തീരുമാനം. മുൻപും തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ അരിക്കൊമ്പൻ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. തമിഴ്നാട് സർക്കാർ ബസിനു നേരെ അരിക്കൊമ്പൻ പാഞ്ഞടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഇതിനിടെ അരിക്കൊമ്പനെ ഭയന്ന് മേഘമലയിലേക്കുള്ള വിനോദസഞ്ചാരം പോലും നിർത്തിവച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *