കൊല്ലം: പത്തനാപുരത്ത് മദ്യപിച്ച് ജോലി ചെയ്തതായി ആരോപണമുയർന്ന പോലീസുകാർക്ക് സസ്പെൻഷൻ. പോലീസ് കൺട്രോൾ റൂമിലെ ഗ്രേഡ് എസ്.ഐ. സന്തോഷ് കുമാർ, ഡ്രൈവർ സുമേഷ് ലാൽ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. രാത്രി പട്രോളിങ്ങിനിടെ വാഹനത്തിലിരുന്ന് മദ്യപിച്ചു എന്ന ആരോപണത്തെ തുടർന്നാണ് നടപടി.
പോലീസുകാർ ഡ്യൂട്ടിയ്ക്ക് മദ്യപിച്ചെത്തുന്നു എന്ന ആരോപണത്തെ തുടർന്ന് നൈറ്റ് ഡ്യൂട്ടിക്കെത്തിയ പോലീസുകാരെ നാട്ടുകാർ തടഞ്ഞിരുന്നു. ആ ഘട്ടത്തിൽ പോലീസുകാരുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണമാണ് നടപടിയിലേക്ക് നയിച്ചത്. നാട്ടുകാർക്കിടയിലൂടെ വാഹനമോടിക്കുകയും കാര്യങ്ങൾ കൃത്യമായി അന്വേഷിക്കാൻ തയ്യാറാകാതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കൂടാതെ നടപടിയുണ്ടാകുമെന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാർ പ്രസ്താവിക്കുകയും ചെയ്തിരുന്നു.
ഏപ്രിൽ നാലിനാണ് നടപടിയ്ക്ക് ആധാരമായ സംഭവം നടന്നത്. സംഭവത്തിൽ നാട്ടുകാരും പോലീസുകാരും പരസ്പരം പഴിചാരുന്നുണ്ട്.