ഡോ.വന്ദനാദാസ് വധക്കേസിലെ സാക്ഷിവിസ്താരം സെപ്റ്റംബറിൽ; കുറ്റപത്രം പ്രതിയെ വായിച്ചുകേൾപ്പിച്ചു

ഡോ. വന്ദനാദാസ് വധക്കേസിൽ സാക്ഷിവിസ്താരം സെപ്റ്റംബറിൽ ആരംഭിക്കും. ഇതിനു മുന്നോടിയായി കേസിന്റെ കുറ്റപത്രം പ്രതിയായ സന്ദീപിനെ വായിച്ചുകേൾപ്പിച്ചു. കൊല്ലം അഡീഷണൽ സെഷൻസ് ജഡ്ജി പി.എൻ.വിനോദ് നേരിട്ടാണ് പ്രതിയെ കുറ്റപത്രം വായിച്ചുകേൾപ്പിച്ചത്.

ഡോ. വന്ദനയെ കൊലപ്പെടുത്തിയതിന് കൊലപാതകക്കുറ്റം, കേസിലെ രണ്ടുമുതൽ അഞ്ചുവരെ സാക്ഷികളെ ദേഹോപദ്രവം ഏൽപ്പിച്ചു കൊല്ലാൻ ശ്രമിച്ചതിന് വധശ്രമം, പോലീസ്, ഹോം ഗാർഡ്, ആംബുലൻസ് ഡ്രൈവർ തുടങ്ങി സർക്കാർ ജീവനക്കാരായ സാക്ഷികളുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, ആശുപത്രിജീവനക്കാരെ ആക്രമിക്കൽ, തെളിവുനശിപ്പിക്കൽ എന്നിവയ്ക്ക് വിവിധ വകുപ്പുകൾപ്രകാരമുള്ള കുറ്റങ്ങൾ എന്നിവ പ്രതിക്കുമേൽ ചുമത്തിയിട്ടുണ്ട്. കുറ്റങ്ങളെല്ലാം വായിച്ചുകേൾപ്പിച്ചശേഷം സന്ദീപിനോട് കുറ്റം ചെയ്തിട്ടുണ്ടോയെന്ന് കോടതി ചോദിച്ചു. ഇല്ലെന്ന മറുപടിയാണ് പ്രതി നൽകിയത്.

പ്രതിയുടെ വിടുതൽഹർജി കോടതി തള്ളിയിരുന്നു. ഈ ഉത്തരവ് ശരിവെച്ച ഹൈക്കോടതി ഉത്തരവിനെതിരേ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടെന്നും അതിനാൽ കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നത് മാറ്റിവയ്ക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പ്രതിഭാഗം കോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നു. എന്നാൽ കേസ് നടപടികൾ തുടരുന്നതിന് മേൽക്കോടതിയുടെ സ്റ്റേ ഇല്ലാത്തതിനാൽ കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നത് മാറ്റിവയ്ക്കരുതെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ പ്രതാപ് ജി.പടിക്കൽ ആവശ്യപ്പെട്ടു. പ്രതിക്കുവേണ്ടി ബി.എ.ആളൂർ ഓൺലൈനായി വാദമുഖങ്ങൾ നിരത്തി. ഇരുഭാഗത്തിന്റെയും വാദംകേട്ട കോടതി പ്രതിയുടെ ഹർജി തള്ളുകയായിരുന്നു. സെപ്റ്റംബർ രണ്ടുമുതൽ സാക്ഷിവിസ്താരത്തിന് തയ്യാറാകാൻ കോടതി ഇരുഭാഗത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *