ഡോക്ടര്‍ വന്ദനദാസ് കൊലപാതക കേസ്; അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും

കൊട്ടാരക്കരയിലെ ഡോക്ടര്‍ വന്ദനദാസ് കൊലപാതക കേസില്‍ അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. കൊട്ടാരക്കര ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക. സ്ഥിരം മദ്യപാനിയായ പ്രതി സന്ദീപ് ബോധപ്പൂര്‍വം വന്ദന ദാസിനെ കൊലപ്പെടുത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഡിവൈഎസ്പി എം എം ജോസിന്റെ നേതൃത്വത്തിലുള്ള 11 അംഗ ക്രൈംബ്രാഞ്ച് സംഘമാണ് കേസ് കേസ് അന്വേഷിക്കുന്നത്.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജന്‍ വന്ദന ദാസിനെ മെയ് 10ന് ആണ് കുത്തിക്കൊലപ്പെടുത്തിയത്. പ്രതിയുടെ കസ്റ്റഡി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിക്കുന്നത്. ശാസ്ത്രീയ തെളിവുകളും സാക്ഷി മൊഴികളുമാണ് ഈ കേസില്‍ ഏറ്റവും നിര്‍ണായകം പ്രതി സന്ദീപ്, വന്ദനാ ദാസിനെ കുത്തിക്കൊലപ്പെടുത്തുന്ന ദൃക്‌സാക്ഷി മൊഴിയുണ്ട്. സന്ദീപിന്റെ വസ്ത്രത്തില്‍ നിന്ന് വന്ദനാ ദാസിന്റെ രക്തക്കറ കണ്ടെത്തിയിരുന്നു ഇതാണ് കേസിലെ പ്രധാന ശാസ്ത്രീയ തെളിവ്.

സിസിടിവി ക്യാമറ ദൃശ്യങ്ങള്‍, പൊലീസുകാരുടെയും ജീവനക്കാരുടെയും മൊഴികള്‍, സന്ദീപിന്റെയും നാട്ടുകാരുടെയും ബന്ധുക്കളുടേയും മൊഴികള്‍, സാഹചര്യ തെളിവുകള്‍, ആശുപത്രിയിലെ നിരീക്ഷണ ക്യാമറയുടെ ഹാര്‍ഡ് ഡിസ്‌ക്, മൊബൈല്‍ ഫോണ്‍ തുടങ്ങി നിര്‍ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ് കുറ്റപത്രം.

പ്രതി സന്ദീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ കൊല്ലം ജില്ലാ കോടതി നേരത്തെ തള്ളിയിരുന്നു.അതിനിടെ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് വന്ദനാ ദാസിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി പതിനേഴിന് പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *