ട്രെയിൻ ആക്രമണം; അന്വേഷണസംഘം നോയിഡയിൽ; ആർപിഎഫ് ഐജി കണ്ണൂരിൽ

എലത്തൂരിൽ ട്രെയിനിൽ യാത്രക്കാരുടെ ദേഹത്തു പെട്രോൾ ഒഴിച്ചു തീകൊളുത്തുകയും തുടർന്ന് പിഞ്ചുകുഞ്ഞ് അടക്കം 3 പേർ വീണുമരിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിയെ കുറിച്ച് അന്വേഷിക്കാൻ പൊലീസ് സംഘം നോയിഡയിൽ. പ്രതിയായ ഷാറൂഖ് സെയ്ഫിയുടെ പശ്ചാത്തലം കണ്ടെത്താനാണ് ഇവർ നോയിഡയിലേക്കു പോയത്. കോഴിക്കോട് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥർ വിമാനമാർഗമാണ് നോയിഡയിലെത്തിയത്. 

അതേസമയം ആർപിഎഫ് ഐജി ടി.എം.ഈശ്വരവാവു ഇന്ന് കണ്ണൂരിലെത്തും. തീവയ്പ്പുണ്ടായ ബോഗികൾ പരിശോധിക്കും. ഷാറൂഖ് സെയ്ഫിയുടെ ഫോൺ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.15ന് ഓഫായെന്നു കണ്ടെത്തി. അതിനുശേഷം കേരളത്തിലേക്കു തിരിച്ചെന്നാണ് പൊലീസ് നിഗമനം. ഡൽഹിയിലെ പബ്ലിക് സ്‌കൂളിൽ പഠിച്ചതായി ഫെയ്‌സ്ബുക് അക്കൗണ്ടിൽനിന്നുള്ള വിവരം. ജോലി കാർപെന്ററെന്നും ഫെയ്‌സ്ബുക്കിൽ പറയുന്നുണ്ട്. കേസിൽ നിർണായക സൂചനകൾ ലഭിച്ചതായി പൊലീസ് പറയുന്നു. പ്രതിയെന്നു സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്തുവിട്ടു. ഭീകരനിരോധിത സംഘടനകൾക്കു ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നു. ദേശീയ അന്വേഷണ ഏജൻസിയും (എൻഐഎ) വിവരങ്ങൾ തേടി. പ്രത്യേക അന്വേഷണസംഘത്തിൽ ഭീകരവിരുദ്ധ സേനയിലെ (എടിഎസ്) അംഗങ്ങളുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *