ട്രെയിനിൽനിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ ടിടിഇ വിനോദിന്റെ അമ്മ ലളിത അന്തരിച്ചു

ഒഡിഷ സ്വദേശി ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ ടിടിഇ വി.വിനോദിൻറെ അമ്മ ലളിത അന്തരിച്ചു. ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം. വിനോദിൻറെ മരണം രോഗിയായ ലളിതയെ ശാരീരികമായും മാനസികമായും ഉലച്ചിരുന്നു. വിനോദ് മരിച്ച് നാല് മാസം പൂർത്തിയാകുമ്പോഴാണ് അമ്മയും അന്ത്യശ്വാസം വലിച്ചത്. ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്ത് ഒഡിഷ സ്വദേശി രജനീകാന്തയാണ് എറണാകുളം പാട്‌ന സൂപ്പർ ഫാസ്റ്റ് ട്രെയിനിൽ നിന്ന് വിനോദിനെ തള്ളിയിട്ട് കൊലപ്പെടുത്തിയത്.

എസ് 11 കോച്ചിന്റെ വലതുഭാഗത്തെ വാതിലിന് സമീപം നിന്നിരുന്ന വിനോദ്, ചവിട്ടേറ്റ് വീണത് എതിർവശത്തെ ട്രാക്കിലേക്കാണ്. അതിലൂടെ വന്ന ട്രെയിൻ കയറിയാണ് കലാകാരൻ കൂടിയായ വിനോദ് കൊല്ലപ്പെട്ടത്. തലയ്ക്ക് ഏറ്റ ആഴത്തിലുള്ള പരിക്കാണ് മരണകാരണം എന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം.

തിരുവനന്തപുരം സ്വദേശിയായ വിനോദ്, എറണാകുളം മഞ്ഞുമ്മലിൽ പുതിയ വീട്ടിൽ താമസം തുടങ്ങി ഏഴാം നാളാണ് കൊല്ലപ്പെട്ടത്. സഹപ്രവർത്തകരെയെല്ലാം ഗൃഹപ്രവേശനത്തിന് വിളിച്ചിരുന്നു. സർവീസിലിരിക്കെ മരിച്ച അച്ചന്റെ ജോലിയാണ് വിനോദിനെ തേടിയെത്തിയത്. മെക്കാനിക്കൽ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന വിനോദ് ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് ടിക്കറ്റ് ചെക്കിംഗ് വിഭാഗത്തിലേക്ക് മാറിയത്.

Leave a Reply

Your email address will not be published. Required fields are marked *