ടി.പി ചന്ദ്രശേഖരൻ വധക്കേസ്; കോടതി ശിക്ഷിച്ചത് കൊണ്ട് മാത്രം പാർട്ടിക്ക് ബന്ധം വരുമോയെന്ന് ഇ.പി ജയരാജൻ

ടിപി ചന്ദ്രശേഖരൻ വധക്കേസിലെ ഹൈക്കോടതി വിധിയോട് പ്രതികരിച്ച് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ഒരു കോടതി ശിക്ഷിച്ചത് കൊണ്ട് പാർട്ടിക്കു ബന്ധം വരുമോയെന്ന് ഇപി ജയരാജൻ ചോദിച്ചു. യുഡിഎഫ് നിരപരാധികളെ ഉൾപ്പെൾത്തുകയായിരുന്നു. കോടതി ശിക്ഷിച്ചത് കൊണ്ട് കുറ്റവാളിയാകില്ല. വിധിയിൽ മേൽക്കോടതിയെ സമീപിക്കുമെന്നും ഇപി ജയരാജൻ പറഞ്ഞു.

സിപിഐഎമ്മുകാരെ തൂക്കിക്കൊല്ലാത്തത് കൊണ്ട് ചിലർക്ക് വിഷമമുണ്ട്. നിരപരാധികളായ പാർട്ടി നേതാക്കളെ കോൺഗ്രസ് ഉൾപ്പടുത്തുകയായിരുന്നു. കുഞ്ഞനന്തൻ ആരെയും ഉപദ്രവിക്കാത്ത ആളാണ്. മോഹനൻ മാഷിനെ ഉൾപ്പെടുത്തിയില്ലേ. എല്ലാ കാര്യങ്ങളും ജനങ്ങൾക്ക് അറിയാം. അത് വടകരയിലുള്ളവർക്കും അറിയാം. സിപിഐഎമ്മിന് ഈ കേസിൽ ഒരു പങ്കുമില്ലെന്നും ഇപി കൂട്ടിച്ചേർത്തു.

ടിപി കേസിലെ വിധിയോട് പ്രതികരിച്ച ഇപി ലീ​ഗിന്റെ മൂന്നാം സീറ്റ് വിഷയത്തിലും പ്രതികരിച്ചു. ലീഗിനെ കോൺഗ്രസ് പരിഹസിക്കുകയാണെന്ന് ഇപി പറഞ്ഞു. ചോദിച്ച സീറ്റ് കൊടുക്കാതെ ആറുമാസം കഴിഞ്ഞ് പരിഗണിക്കാമെന്നാണ് പറയുന്നത്. ഇന്നത്തെ സ്ഥിതിയിൽ രാജ്യസഭയിൽ ജയിക്കാൻ ലീഗിന് കോൺഗ്രസിന്റെ സഹായം വേണ്ട. രണ്ട് സീറ്റിൽ എൽഡിഎഫ് ജയിക്കും. മൂന്നാമത്തെ സിറ്റിൽ ലീഗിന് തനിച്ച് ജയിക്കാൻ കഴിയും. കേരളത്തിൽ യുഡിഎഫ് ദുർബലപ്പെട്ടു. കോൺഗ്രസിൽ തമ്മിലടിയാണ്. ആർഎസ്എസിനെതിരെ നിൽക്കാൽ യുഡിഎഫിന് ത്രാണിയില്ല. പരിഹാസ്യ കഥാപാത്രമായി ആരെയെങ്കിലും ചാരി നിൽക്കാതെ സ്വന്തമായി നിൽക്കാൻ ലീഗ് ശ്രമിക്കണമെന്നും ഇപി കൂട്ടിച്ചേർത്തു. 

Leave a Reply

Your email address will not be published. Required fields are marked *