ടാക്സി തൊഴിലാളികളെ നിയന്ത്രിക്കുന്ന ഒരു സംവിധാനവും നിലവിലില്ല; നെടുമ്പാശേരി വിഷയത്തില്‍ പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ടൂറിസ്റ്റ് ടാക്സി തൊഴിലാളികൾക്കെതിരെ പരാതി നൽകാൻ വിനോദസഞ്ചാരികളോട്  പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു എന്ന തരത്തിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ വ്യാജമാണെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

വിമാനത്താവളത്തിലെ ടാക്സി തൊഴിലാളികളെ നിയന്ത്രിക്കുന്ന ഒരു സംവിധാനവും  ടൂറിസം വകുപ്പുമായി ബന്ധപ്പെട്ട് നിലവിലില്ല. കേരളത്തിലെ ഒരു വിമാനത്താവളത്തിലും ടാക്സി തൊഴിലാളികളെ നിയന്ത്രിക്കാനോ, വിനോദസഞ്ചാരികൾ പോകേണ്ട ടാക്സികൾ ഏതൊക്കെ എന്ന് കണക്കാക്കാനോ വിനോദസഞ്ചാര വകുപ്പ് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. 

ഇത് വരെ  അങ്ങനെയൊരു നിർദ്ദേശവും നൽകിയിട്ടുമില്ല. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ടാക്സി തൊഴിലെടുക്കുന്നവർ എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെങ്കിൽ അത് വിമാനത്താവള അധികൃതരെ അറിയിക്കുക.

അതിന് പകരം അതുമായി ഒരുവിധ ബന്ധവുമില്ലാത്ത മന്ത്രിയുടെ പേരിൽ വ്യാജ പ്രചരണങ്ങൾ അടിച്ചിറക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. ഇത്തരം വ്യാജ സന്ദേശങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്  സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ടെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *