ജോർദാനിൽ മലയാളി വെടിയേറ്റ് മരിച്ച സംഭവം; പണം വാങ്ങിയത് ടിക്കറ്റ് ബുക്കിങ്ങിന്, അപായ സാധ്യത പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചിരുന്നു: താൻ ഏജൻ്റ് അല്ലെന്ന് ബിജു ജലാസ്

ജോർദാനിൽ മലയാളി വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതികരണവുമായി ഏജന്റ് ബിജു ജലാസ്. താൻ ഏജന്റ് അല്ലെന്നും ജോർദാനിൽ ജോലി ചെയ്യുകയാണെന്നും ബിജു ജലാസ് പറഞ്ഞു.

ജോർദാനിൽ ജോലി തരപ്പെടുത്തി നൽകണം എന്ന് തോമസ് ഗബ്രിയേലാണ് ആവശ്യപ്പെടുന്നത്. പണം വാങ്ങിയത് ടിക്കറ്റ് ബുക്കിങ്ങിനും ഹോട്ടൽ ബുക്കിംഗിനുമാണെന്നും ബിജു ജലാസ് പറഞ്ഞു.

സ്വന്തം താത്പര്യപ്രകാരമാണ് ഇവർ ഇസ്രയേലിലേക്ക് കടക്കാൻ ശ്രമിച്ചത്. അപായ സാധ്യത പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചിരുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് പോകുന്നത് എന്ന് എഴുതി വാങ്ങിയിരുന്നു. ഇസ്രായേലിലേക്കുള്ള യാത്രാമധ്യേ ഫോൺ വഴി സംസാരിച്ചിരുന്നു. പിന്നെയാണ് അപകടവിവരം അറിഞ്ഞതെന്നും ബിജു ജലാസ് പറഞ്ഞു. 

അതേസമയം, തോമസ് ഗബ്രിയേൽ പേരേരയുടെ മൃതദ്ദേഹം നാട്ടിൽ എത്തിക്കാനുള്ള ചെലവ് കുടുംബം തന്നെ വഹിക്കണമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. തോമസിന്റെ ഭാര്യയ്ക്ക് അയച്ച കത്തിലാണ് എംബസി ഇക്കാര്യം അറിയിച്ചത്. എന്നാൽ മൃതദേഹം ജോർദാനിൽ നിന്ന് നാട്ടിൽ എത്തിക്കാനുള്ള ചെലവ് കേന്ദ്ര സർക്കാർ വഹിക്കണമെന്നാവശ്യപ്പെട്ട് അടൂർ പ്രകാശ് എംപി വിദേശകാര്യ മന്ത്രിക്ക് കത്തു നൽകി. 

തലയിൽ വെടിയേറ്റാണ് തുമ്പ സ്വദേശി തോമസിന്റെ മരണം എന്ന് ഇന്ത്യൻ എംബസി അധികൃതർ സ്ഥിരീകരിച്ചു. തോമസിൻറെ സാമഗ്രികൾ പൊലീസിൽ നിന്ന് എംബസി ഉദ്യോഗസ്ഥർ ഇന്ന് സ്വീകരിക്കും. തോമസിൻറെ കൂടെയുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശി എഡിസന് കാലിലാണ് വെടിയേറ്റത്. ജോർദാനിൽ നിന്ന് അനധികൃതമായി അതിർത്തി കടന്ന് ഇസ്രയേലിലേക്ക് പോകാൻ ശ്രമിക്കവെയാണ് ജോർദാനിയൻ അതിർത്തി സേന ഇവർക്ക് നേരെ വെടിവെച്ചത്. നാല് പേരാണ് ഇസ്രയേലിലേക്ക് കടക്കാൻ ശ്രമിച്ചത്.  

ഇസ്രയേലിലേക്കുള്ള തൊഴിൽ വിസ വാഗ്ദാനം ചെയ്ത് നാട്ടിൽ നിന്ന് കൊണ്ടുപോയ ഏജൻസി ഇവരെ കബളിപ്പിക്കുകയായിരുന്നു എന്നാണ് വിവരം. ഇവർക്ക് ജോർദാനിലേക്കുള്ള മൂന്ന് മാസത്തെ സന്ദർശക വിസയാണ് ഉണ്ടായിരുന്നത്. ഫെബ്രുവരി അഞ്ചാം തീയ്യതിയാണ് ഇവർ ജോർദാനിലേക്ക് പോയത്. ഒൻപതാം തീയ്യതി വരെ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. ഫെബ്രുവരി പത്തിന് ഇവർ ഇസ്രയേൽ അതിർത്തി കടക്കാൻ ശ്രമിച്ചെന്നാണ് വിവരം. ഈ സമയത്താണ് ജോർദാൻ അതിർത്തി സേന വെടിവെച്ചത്. 

Leave a Reply

Your email address will not be published. Required fields are marked *