ജാതി സെന്‍സസില്‍ നിന്ന് സംസ്ഥാനങ്ങള്‍ പിന്മാറണം: എന്‍എസ്എസ് പ്രമേയം

ജാതി സെന്‍സസില്‍ നിന്ന് സംസ്ഥാനങ്ങള്‍ പിന്മാറണമെന്ന് പെരുന്നയില്‍ നടക്കുന്ന അഖില കേരള നായര്‍ പ്രതിനിധി സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ചു. ഇത് വിവിധ ജാതികൾ തമ്മിലുള്ള സ്പർദ്ധയ്ക്കും വർഗീയതയ്ക്കും കാരണമാകും എന്നും പ്രമേയം പറയുന്നു. 

വോട്ടുബാങ്കുകളായ ജാതി വിഭാഗങ്ങൾക്കായുള്ള രാഷ്ട്രീയ പാർട്ടികളുടെ പ്രീണന നയത്തിന്റെ ഭാഗമാണ് ജാതി സെന്‍സസ് എന്നാണ് എന്‍എസ്എസിന്‍റെ ആരോപണം. ജാതി സംവരണത്തിന്റെ പേരിൽ വിദ്യാഭ്യാസ രംഗത്തും തൊഴിൽ രംഗത്തും യോഗ്യതയിൽ വെള്ളം ചേർക്കപ്പെടുന്നു. മുന്നാക്കക്കാരിലെ പിന്നാക്കക്കാരുടെ അവസ്ഥ കൂടുതല്‍ മോശമാകാന്‍ ജാതി സെന്‍സസും ജാതി സംവരണവും കാരണമാകുമെന്നും  എന്‍എസ്എസ് പ്രമേയം പറയുന്നു. ട്രഷറര്‍ അയ്യപ്പന്‍ പിള്ളയാണ് പ്രമേയം അവതരിപ്പിച്ചത്. 

ദേശീയ തലത്തില്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം ജാതിസെന്‍സസിനായി ശക്തമായി വാദിക്കുന്നുണ്ട്. എന്നാല്‍ ബിജെപി ജാതി സെന്‍സസിന് എതിരാണ്. അതിനിടെയാണ് ജാതി സെന്‍സസിനെതിരായ നിലപാട് ആവര്‍ത്തിച്ച് എന്‍എസ്എസ് രംഗത്തെത്തിയത്. 

Leave a Reply

Your email address will not be published. Required fields are marked *