ചോദ്യ പേപ്പര്‍ ചോര്‍ച്ച: നിലപാട് കടുപ്പിക്കുന്നു; സ്വകാര്യ ട്യൂഷനെടുക്കുന്ന അധ്യാപകരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ നിര്‍ദേശം

ക്രിസ്മസ് പരീക്ഷകളുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തോടെ വിദ്യാഭ്യാസ വകുപ്പ് നിലപാട് കടുപ്പിക്കുന്നു. സ്വകാര്യ ട്യൂഷനെടുക്കുന്ന സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് പൂട്ടു വീഴാന്‍ സാധ്യത എന്ന് റിപ്പോര്‍ട്ട്.

സര്‍ക്കാര്‍ ശമ്പളം പറ്റി, സ്വകാര്യ ട്യൂഷനെടുക്കുന്ന അധ്യാപകരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ എ.ഇ.ഒ., ഡി.ഇ.ഒ.മാര്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രിതന്നെ വ്യക്തമാക്കിയതോടെയാണ് സ്വകാര്യ ട്യൂഷനെടുക്കുന്ന അധ്യാപകര്‍ക്ക് കടിഞ്ഞാണിടാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നീക്കം തുടങ്ങിയത്. സ്വകാര്യ ട്യൂഷനെടുക്കുന്ന അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കാന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പൊതുവിദ്യാഭ്യാസ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ക്രിസ്മസ് പരീക്ഷകളുടെ ചോദ്യക്കടലാസ് ചോര്‍ന്ന സംഭവത്തോടെയാണ് വിദ്യാഭ്യാസ വകുപ്പ് നിലപാട് കടുപ്പിക്കുന്നത്. സംഭവത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ് ഡി.ജി.പി.ക്കും സൈബര്‍ സെല്ലിനും പരാതി നല്‍കിയതിന് പിന്നാലെയാണ് വകുപ്പിനുള്ളില്‍ തന്നെ ശുദ്ധികലശത്തിനൊരുങ്ങുന്നത്.

ചോദ്യക്കടലാസ് ചോര്‍ന്നത് അധ്യാപകരുടെതന്നെ ഒത്താശയോടെയാണെന്ന നിഗമനത്തിലാണ് അധികൃതര്‍ ഇപ്പോഴുള്ളത്. സംഭവത്തില്‍ കര്‍ശന നിലപാടെടുക്കാന്‍ വിദ്യാഭ്യാസ മന്ത്രിയും പച്ചക്കൊടി കാട്ടിയതോടെ സ്വാകാര്യ ട്യൂഷനെടുക്കുന്ന അധ്യാപകര്‍ക്ക് പണികിട്ടുമെന്ന കാര്യം ഉറപ്പായി.

സര്‍ക്കാര്‍ശമ്പളംപറ്റി, സ്വകാര്യ ട്യൂഷനെടുക്കുന്ന അധ്യാപകരുടെ വിവരങ്ങള്‍ ശേഖരിച്ച് ഇവര്‍ക്കെതിരേ നടപടിയെടുക്കാനാണ് വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദ്ദേശം. ”ചില വിഷയങ്ങളിലെ ചോദ്യക്കടലാസാണ് കൂടുതല്‍ പുറത്തുപോവുന്നത്. ചില യുട്യൂബ് ചാനലുകളും സ്വകാര്യ ട്യൂഷന്‍ നടത്തുന്നവരും താത്കാലികലാഭത്തിന് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നു. അവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരും. പരീക്ഷകള്‍ കൂടുതല്‍ കുറ്റമറ്റതാക്കുന്നത് ചര്‍ച്ചചെയ്യാന്‍ തിങ്കളാഴ്ച ഉന്നതതലയോഗം ചേരും” -മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *