‘ചിരി’ പോലീസ്; കുട്ടികളുടെ പരാതി കേള്‍ക്കും, ആവശ്യമെങ്കില്‍ കൗണ്‍സലിങും നൽകും

കൊച്ചു കുറുമ്പുകളുടെ പരാതികൾ കേൾക്കാനും പരിഹരിക്കാനും ആയി  ‘ചിരി’ ഹെൽപ്പ് ലൈൻ ആരംഭിച്ചു. കേരള പോലീസിന്റെ ‘ചിരി’ ഹെല്‍പ്‌ലൈന്‍ ഡെസ്‌കിന്റെ നേതൃത്വത്തിലാണ് ഈ കുട്ടിക്കുറുമ്പുകള്‍ക്കും പരാതികള്‍ക്കും പരിഹാരം കാണുന്നത്. ആവശ്യമുള്ള കുട്ടികള്‍ക്ക് ജില്ലാ അടിസ്ഥാനത്തില്‍ കൗണ്‍സലിങ് സൗകര്യവും നല്‍കുന്നുണ്ട്. തിരുവനന്തപുരം ആസ്ഥാനമായ സോഷ്യല്‍ പോലീസിങ് ഡയറക്ട്‌റേറ്റിന്റെ കീഴിലാണ് ഡെസ്‌കിന്റെ പ്രവര്‍ത്തനം.

എസ്.എസ്.എല്‍.സി., പ്ലസ് ടു ഫലപ്രഖ്യാപനത്തിന് മുമ്പും ശേഷവും വിളിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. എട്ട് പോക്‌സോ കേസുകളും ഇതിലൂടെ കണ്ടെത്താനായി. ഇത്തരം സംഭവങ്ങളില്‍ രക്ഷിതാക്കളുമായി സംസാരിച്ച് സത്യാവസ്ഥ മനസിലാക്കി പോലീസ് സ്‌റ്റേഷനിലേക്ക് കൈമാറും.

വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് വിളിക്കുന്ന കുഞ്ഞുങ്ങളെ തൊട്ടടുത്ത ദിവസംതന്നെ വിളിച്ച് തുടര്‍ വിവരങ്ങള്‍ എടുക്കുകയും മാതാപിതാക്കളുമായി സംസാരിക്കുകയും ചെയ്യും. 2020-ല്‍ തുടക്കമിട്ട ഹെല്‍പ് ലൈനില്‍ ഇതുവരെ 57,568 കോളുകളാണ് ലഭിച്ചത്. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ‘ചിരി’യിലേക്ക് വിളിക്കാനുള്ള ടോള്‍ ഫ്രീ നമ്പര്‍ : 9497900200.

2020-’24 കാലയളവില്‍ ‘ചിരി’യിലേക്ക് വന്ന വിളികള്‍ ജില്ലാ അടിസ്ഥാനത്തില്‍: തിരുവനന്തപുരം – 5764, കൊല്ലം – 4769, പത്തനംതിട്ട – 2639, ആലപ്പുഴ – 3792, കോട്ടയം -3820, ഇടുക്കി -2597, എറണാകുളം -4293, തൃശ്ശൂര്‍ -4607, പാലക്കാട് -3508, മലപ്പുറം -4994, കോഴിക്കോട് -5192, വയനാട് -636, കണ്ണൂര്‍ -5328, കാസര്‍കോട് -2556. ഇതരസംസ്ഥാനങ്ങള്‍ -426.

Leave a Reply

Your email address will not be published. Required fields are marked *