ചാലക്കുടി എസ് ഐയ്ക്ക് എതിരായ ഭീഷണി പ്രസംഗം; എസ് എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗത്തിന് എതിരെ കേസ് എടുത്തു

ചാലക്കുടി എസ്‌ഐയ്‌ക്കെതിരായ ഭീഷണി പ്രസം​ഗത്തിൽ എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ഹസൻ മുബാറകിനെതിരെ പൊലീസ് കേസെടുത്തു. ചാലക്കുടി പൊലീസാണ് ഹസൻ മുബാറകിനെതിരെ കേസെടുത്തത്. ചാലക്കുടി എസ്ഐ അഫ്സലിനെതിരെയായിരുന്നു ഹസൻ മുബാറകിന്റെ ഭീഷണി.എസ്ഐയുടെ കൈയ്യും കാലും തല്ലിയൊടിക്കുമെന്നും തെരുവു പട്ടിയെപോലെ തല്ലുമെന്നുമായിരുന്നു ഹസൻ മുബാറകിന്റെ ഭീഷണി. എസ്എഫ്ഐ പ്രവർത്തകർ പൊലീസിന് എതിരെ ചാലക്കുടിയിൽ പ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു വിവാദ പ്രസം​ഗം. കഴിഞ്ഞദിവസമായിരുന്നു ഹസൻ മുബാറകിന്റെ ഭീഷണി ഉണ്ടായത്.

ഭീഷണി പ്രസം​ഗത്തിന് ശേഷം കേസെടുക്കാൻ പൊലീസ് തയ്യാറായിരുന്നില്ല. വ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്. എന്നാൽ സ്റ്റേഷൻ ജാമ്യം കിട്ടാവുന്ന വകുപ്പുകൾ പ്രകാരമാണ് ഹസൻ മുബാറകിനെതിരെ കേസെടുത്തിരിക്കുന്നതെന്നാണ് വിവരം.

ചാലക്കുടിയിൽ പൊലീസ് ജീപ്പ് അടിച്ചു തകർത്ത സംഭവത്തിൽ എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ചുകൊണ്ടായിരുന്നു ചാലക്കുടി ടൗണിൽ എസ്എഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചത്. എസ്ഐ അഫ്‌സലിന്റെ ഗുണ്ടായിസം അവസാനിപ്പിക്കുക, പോലീസ് നരനായാട്ടിൽ പ്രതിഷേധിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയായിരുന്നു എസ്എഫ്ഐ പ്രതിഷേധം ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *