യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിനെതിരെ ലോകായുക്തയിൽ പരാതി. നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട ജൂഡീഷ്യൽ കമ്മീഷൻ അധ്യക്ഷ സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടേയും പരിപാടികളിൽ പങ്കെടുക്കുന്നുവെന്നും നടപടി വേണമെന്നുമാണ് പരാതി. യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടരി ബിനു ചുള്ളിയിൽ നൽകിയ പരാതി ലോകായുക്ത തിങ്കളാഴ്ച പരിഗണിക്കും.
ശമ്പളകുടിശ്ശിക വിവാദത്തിന് പിന്നാലെയാണ് ചിന്താ ജെറോമിനെതിരെ ലോകായുക്തയിൽ പരാതി എത്തുന്നത്. യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന് 17 മാസത്തെ ശമ്പളകുടിശ്ശികയായി എട്ടര ലക്ഷം രൂപ അനുവദിക്കാനുള്ള ധനവകുപ്പ് തീരുമാനമാണ് വിവാദത്തിലായത്. ശമ്പളത്തിലെ അപാകത തീർക്കണമെന്നാവശ്യപ്പെട്ടത് താനല്ലെന്നും കമ്മീഷൻ സെക്രട്ടറിയാണെന്നുമായിരുന്നു ചിന്തയുടെ വിശദീകരണം. എന്നാൽ ചിന്താ ജെറോമിൻ്റെ അപേക്ഷയിലാണ് നടപടികളെന്ന് ഫയലുകളിൽ വ്യക്തമാണ്.