ചക്രത്തിനടിയിൽനിന്ന് മുടിമുറിച്ച് ജീവിതത്തിലേക്ക്; ബസിടിച്ച്‌ വീണ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു

ചിങ്ങവനത്ത് റോഡ് മുറിച്ചുകടക്കവേ കെ.എസ്‌.ആർ.ടി.സി. ബസിടിച്ച്‌ ചക്രത്തിന്റെ അടിയിലേക്ക് വീണ വീട്ടമ്മ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇളംകാവ് മലകുന്നം സ്കൂൾ ബസിലെ ആയ, കുറിച്ചി സചിവോത്തമപുരം കേശവീയം വീട്ടിൽ അജിത്ത് കുമാറിന്റെ ഭാര്യ അമ്പിളി(36) ആണ്‌ അപകടത്തിൽപ്പെട്ടത്‌. അമ്പിളിയുടെ തലമുടിയിലാണ്‌ ബസിന്റെ മുൻചക്രം നിന്നത്‌. അപകടം കണ്ട്‌ ഓടിയെത്തിയ നാട്ടുകാർ അമ്പിളിയുടെ മുടി മുറിച്ചുമാറ്റി രക്ഷിക്കുകയായിരുന്നു.

തിങ്കളാഴ്ച വൈകീട്ട്‌ അഞ്ചിന്‌ ചിങ്ങവനം പുത്തൻപാലത്തായിരുന്നു അപകടം. സ്കൂൾബസിലെ കുട്ടികളെ ഇറക്കി റോഡ് കടത്തിവിട്ട ശേഷം തിരിച്ചുവരാൻ റോഡ് മുറിച്ചുകടക്കവേ അമ്പിളിയെ അടൂർനിന്ന്‌ കോതമംഗലത്തേക്ക് പോകുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസ് ഇടിച്ചു. ബസിനടിയിലേക്ക്‌ വീണ അമ്പിളിയുടെ തലമുടിയുടെ മുകളിലാണ് ഇടതുഭാഗത്തെ ചക്രം നിന്നത്‌. തലനാരിഴ മാറിയിരുന്നെങ്കിൽ ജീവൻതന്നെ നഷ്ടമാകുമായിരുന്നു.

ഓടിയെത്തിയ നാട്ടുകാർ കത്തി ഉപയോഗിച്ച്‌ മുടി മുറിച്ചുമാറ്റി യുവതിയെ പുറത്തെത്തിച്ചു. തലയ്ക്ക് പരിക്കേറ്റ അമ്പിളിയെ ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച്‌ പ്രാഥമിക ചികിത്സ നൽകിയശേഷം ഡിസ്‌ചാർജ്‌ ചെയ്‌തു.

Leave a Reply

Your email address will not be published. Required fields are marked *