ഗർഭസ്ഥ ശിശുവിൻ്റെ വൈകല്യം കണ്ടെത്താൻ കഴിയാതിരുന്ന സംഭവം ; അന്വേഷണ സംഘം സർക്കാരിന് റിപ്പോർട്ട് കൈമാറി

ആലപ്പുഴയിൽ ഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവത്തില്‍ അന്വേഷണ സംഘം റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി. ഇന്ന് വൈകുന്നേരം ഏഴ് മണിക്കാണ് ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടറും അന്വേഷണ സംഘത്തിന്റെ മേധാവിയുമായ ഡോ. വി മീനാക്ഷി റിപ്പോര്‍ട്ട് കൈമാറിയത്. കഴിഞ്ഞ 29-ാം തീയതി അന്വേഷണസംഘം അലപ്പുഴ ആശുപത്രിയിലും സ്‌കാനിംഗ് സെന്ററു കളിലും പരിശോധന നടത്തി കണ്ടെത്തിയതും പിടിച്ചെടുത്തതുമായ രേഖകള്‍ വിശകലനം ചെയ്താണ് അന്തിമ റിപ്പോര്‍ട്ട് ഇന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയ്ക്കും കൈമാറിയതെന്ന് ഡോ. മീനാക്ഷി അറിയിച്ചു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് അന്വേഷണം നടത്തിയത്. വീഴ്ച കണ്ടെത്തിയ സ്ഥാനിംഗ് സെൻ്ററുകൾക്കെതിരെ അന്വേഷണത്തിനിടയില്‍ തന്നെ അടിയന്തര നടപടി സ്വീകരിച്ച് അവരുടെ ലൈസന്‍സ് ക്യാൻസൽ ചെയ്തിരുന്നു.

അതേസമയം, ആലപ്പുഴയിൽ ഗുരുതര അംഗവൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ച സംഭവത്തിൽ സര്‍ക്കാരിനെതിരെ കുടുംബം രംഗത്തെത്തിയിരുന്നു. തുടർ ചികിത്സ സംബന്ധിച്ച് തീരുമാനം ആകാത്തതിനാൽ സമരത്തിലേക്ക് നീങ്ങുമെന്നും സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും ആരോഗ്യവകുപ്പിൽ നിന്നു യാതൊരു തീരുമാനവും ഉണ്ടായിട്ടില്ലെന്നും കുഞ്ഞിന്‍റെ പിതാവ് അനീഷ് പറഞ്ഞു. തുടര്‍ നടപടികള്‍ സംബന്ധിച്ച് ആരോഗ്യവകുപ്പിൽ നിന്നും ഇതുവരെ ഒരു തീരുമാനവും ഉണ്ടായിട്ടില്ല.

കുഞ്ഞിന്‍റെ തുടർ ചികിത്സ സംബന്ധിച്ച് ഒരു വിവരവും ഇല്ല. സംഭവവുമായി ബന്ധപ്പെട്ട് വിദഗ്ദ സംഘം റിപ്പോർട്ട് നൽകിയോ ഇല്ലയോ എന്നു പോലും അറിയിച്ചിട്ടില്ല. ജോലിക്ക് പോലും പോകാത്ത കഴിയാത്ത സാഹചര്യമാണുള്ളത്. ഇനിയും സര്‍ക്കാര്‍ തീരുമാനം വൈകിയാൽ സമരത്തിലേക്ക് പോകേണ്ടിവരും. ഡോക്ടര്‍മാരെ സംരക്ഷിക്കുന്ന നിലപാടാണ് ആരോഗ്യവകുപ്പ് സ്വീകരിക്കുന്നത്. ഡോക്ടര്‍മാരുടെ പേരിൽ നടപടി എടുക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം.

ആരോഗ്യ മന്ത്രി ആലപ്പുഴയിൽ വന്നിട്ട് പോലും തിരിഞ്ഞു നോക്കിയിട്ടില്ല. ഡോക്ടര്‍മാരുടെ സംഘടന വളരെ വലുതാണ്. അവരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. സംരക്ഷണം നൽകാമെന്ന് പറഞ്ഞാൽ അത് നൽകണം. സര്‍ക്കാര്‍ ആശുപത്രിയിൽ നിന്നുണ്ടായ വീഴ്ചയാണ്. എന്നിട്ടും ഇക്കാര്യത്തിൽ ഇതുവരെ യാതൊരു പരിഗണനയും ലഭിച്ചിട്ടില്ല. കുടുംബം എങ്ങനെ മുന്നോട്ട് പോകുന്നു എന്ന് ആരും ചിന്തിക്കുന്നില്ല. ഇത്രയും ദിവസമായിട്ടും ഒരു തീരുമാവും ആയില്ലെന്നും സമരത്തിലേക്ക് നീങ്ങുമെന്നും അനീഷ് പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *