ഗോവയിൽ പുതുവർഷം ആഘോഷിക്കാൻ പോയ മലയാളി യുവാവ് മരിച്ച സംഭവം; യുവാവിന് മർദനം ഏറ്റിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്

ഗോവയിൽ പുതുവത്സരമാഘോഷത്തിന് പോയ മലയാളി യുവാവിൻ്റെ മരണം നെഞ്ചിലും പുറത്തും മർദ്ദനമേറ്റെന്ന് പോസ്റ്റ്‍മോർട്ടം റിപ്പോർട്ട്. വെള്ളത്തിൽ വീഴുന്നതിന് മുമ്പ് തന്നെ മർദ്ദനമേറ്റിരുന്നത് സ്ഥിരീകരിക്കുന്നതാണ് പോസ്റ്റ്‍മോർട്ടം റിപ്പോർട്ട്. ഡിജെ പാർട്ടിക്കിടെ മർദ്ദനമേറ്റതായി സഞ്ജയ്‌ സന്തോഷിന്റെ കുടുംബം ആരോപിച്ചു. സ്റ്റേജിൽ കയറി നൃത്തം ചെയ്തതാണ് മർദ്ദനത്തിന് പ്രകോപനമായതെന്നും സുരക്ഷാ ജീവനക്കാർ മർദിച്ച് കൊന്ന് കടലിൽ തള്ളുകയായിരുന്നു എന്നും കുടുംബം ആരോപിക്കുന്നു.

ഗോവയിൽ പുതുവത്സര ആഘോഷത്തിനിടെ കാണാതായ വൈക്കം സ്വദേശി സഞ്ജയ്‌ സന്തോഷിന്റെ മൃതദേഹം ഇന്നലെയാണ് കണ്ടെത്തിയത്. ഡിസംബറിൽ 31ന് വകത്തൂർ ബീച്ചിലെ ഡാൻസ് പാർട്ടിക്കിടെയാണ് സഞ്ജയിനെ കാണാതായത്. രണ്ട് സുഹൃത്തുക്കൾക്കൊപ്പം ഡിസംബർ 30 നാണ് പുതുവത്സരം ആഘോഷിക്കാൻ സഞ്ജയ്‌ ഗോവക്ക് പോയത്. വൈക്കം മറവൻതുരുത്ത് കടൂക്കരയിൽ സന്തോഷിന്‍റെയും ബിന്ദുവിന്‍റെയും മകനാണ് 19 വയസുകാരനായ സഞ്ജയ്‌.

പുതുവർഷ പാര്‍ട്ടി കഴിഞ്ഞതിന് ശേഷം സഞ്ജയിയെ കാണാതായെന്നാണ് കൂട്ടുകാർ പറയുന്നത്. നാട്ടുകാര്‍ കൂടിയായ രണ്ട് പേരാണ് സഞ്ജയ്ക്കൊപ്പം ഗോവയ്ക്ക് പോയത്. സഞ്ജയെ കാണാതായ വിവരം ജനുവരി ഒന്നിന് തന്നെ ഗോവ പൊലീസിനെ അറിയിച്ചിരുന്നു. എന്നാൽ കാര്യമായി അന്വേഷിച്ചില്ലെന്ന് കൂട്ടുകാര്‍ പറഞ്ഞു. ഗോവയിലെ മലയാളി സംഘടനകളെ അറിയിച്ച് അന്വേഷണം ഊർജിതമാക്കിയിരുന്നു. കുടുംബം തലയോലപറമ്പ് പൊലീസിലും പരാതി നല്‍കിയിരുന്നു. പിന്നാലെയാണ് ഇന്നലെ മൃതദേഹം ലഭിച്ചത്.  

Leave a Reply

Your email address will not be published. Required fields are marked *